District News
മറയൂർ: സംഘർഷസാധ്യത ഒഴിവാക്കാനായി പോലീസിന്റെ കനത്ത സുരക്ഷയോടെ മറയൂരിൽ ഇൻഡേൻ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നടത്തി. മൂന്നാർ കേന്ദ്രമായ കമ്പനിയാണ് പോലീസ് സ്റ്റേഷൻ വളപ്പിലെത്തിച്ച് ഗ്യാസ് വിതരണം ചെയ്തത്.
മറയൂരിലെ ഉപഭോക്താക്കൾക്ക് ഏറെക്കാലമായി ഗ്യാസ് ലഭ്യതയിൽ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നേതൃത്വത്തിൽ ഈ പ്രത്യേക വിതരണം നടന്നത്.
അമിത നിരക്ക് ഈടാക്കുന്നതായുള്ള പരാതികളും നിലനിന്നിരുന്നു. മൂന്നു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മറയൂരിൽ ഗ്യാസ് വിതരണം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ തവണ ബാബുനഗറിൽ സംഘർഷ സാധ്യതയുണ്ടായിരുന്നതിനാൽ ഗ്യാസ് ലഭിക്കാത്തവരുടെ ബുക്കിംഗുകൾ പോലീസ് ശേഖരിച്ച് കമ്പനിയെ ഏൽപ്പിച്ചിരുന്നു. ഇത്തവണ സുരക്ഷിതമായി വിതരണം നടത്തുന്നതിനായി ഗ്യാസ്ലോറി നേരിട്ടു പോലീസ് സ്റ്റേഷൻ വളപ്പിലെത്തിച്ചു. ഇതോടെ 300 ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്തു.
എന്നാൽ, ഇത്തവണയും നിരവധി ഉപഭോക്താക്കൾക്ക് ഗ്യാസ് ലഭിക്കാതെ നിരാശരായി മടങ്ങേണ്ടിവന്നു. ഒരു സിലിണ്ടറിന് 1030 രൂപ നിരക്കിലാണ് വിതരണം നടത്തിയത്. മറയൂർ പോലീസ് സ്റ്റേഷൻ മെസിന് രണ്ടു മാസത്തിനു ശേഷം ഗ്യാസ് ലഭിച്ചതും ശ്രദ്ധേയമായി.
വലുതും ചെറുതുമായ നൂറുകണക്കിന് വാഹനങ്ങൾ പോലീസ് സ്റ്റേഷൻ പരിസരത്ത് എത്തിയതോടെ റോഡ് ബ്ലോക്ക് ഒഴിവാക്കാൻ പോലീസ് ഉദ്യോഗസ്ഥർ ക്രമസമാധാന പരിപാലനത്തിനിറങ്ങി. വിതരണത്തിനിടെ ഒരാളുടെ ഗ്യാസ് സിലിണ്ടർ ആരോ മോഷ്ടിച്ചതായും പരാതിയുണ്ടായി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
District News
ഇരിട്ടി: വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ആറളം പഞ്ചായത്തിലെ മലയാളംകാടിലെ കൊച്ചുപറമ്പിൽ ജോയിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. ഗ്യാസ് പൈപ്പിലുണ്ടായ ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം.
വെള്ളം തിളപ്പിക്കാൻ ഗ്യാസ് ഓൺ ചെയ്യുമ്പോൾ തീ പടരുകയായിരുന്നുവെന്ന് ജോയി പറഞ്ഞു. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്റ്റേഷൻ ഓഫീസർ ടി.വി. ഉണ്ണികൃഷ്ണൻ എസ്എഫ്ആർഒ പി.കെ. രാജേഷ്, എഫ്ആർഒ സി.വി. സൂരജ്, ഹോം ഗാർഡുമാരായ വി. രമേശൻ, എ.സി. രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.
District News
പയ്യന്നൂര്‍: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പാചകവാതകം ഉപയോഗിച്ച് ടെറസില്‍ വാട്ടര്‍ പ്രൂഫിംഗിന്റെ ജോലി ചെയ്യുന്നതിനിടയില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ അഗ്നിരക്ഷാസേനയുടെ ഇടപെടലില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നതിന് മുമ്പ് തീയണയ്ക്കാനായി.
പയ്യന്നൂര്‍ എഫ്സിഐ ഗോഡൗണിനു സമീപത്തെ മണക്കാടിയിലെ സുഷമയുടെ വീടിന്റെ ടെറസിലായിരുന്നു അപകടം. ടെറസിലെ ചോര്‍ച്ച തടയുന്നതിനായി ബിറ്റുമിനസ് വാട്ടര്‍പ്രൂഫിംഗ് ഷീറ്റ് ചൂടാക്കി ഉരുക്കിയുറപ്പിക്കുന്നതിനിടയിലായിരുന്നു സംഭവം. ഇതിനായി സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി ഗ്യാസ് സിലിണ്ടറാണ് തൊഴിലാളികള്‍ ഉപയോഗിച്ചത്. റഗുലേറ്റര്‍ ഒഴിവാക്കി സാധാരണ വാല്‍വിലൂടെ നാലുമീറ്ററോളം നീളമുള്ള റബര്‍ ട്യൂബില്‍ നോസില്‍ ഘടിപ്പിച്ചാണ് ഇവര്‍ ചൂടാക്കുന്നതിനുള്ള തീജ്വാലയുണ്ടാക്കിയതെന്ന് ഫയര്‍ഫോഴ്സിന്റെ പരിശോധനയില്‍ കണ്ടെത്തി.
ഇങ്ങിനെ ഷീറ്റ് ചൂടാക്കി ഉരുക്കുന്നതിനിടയില് റബര്‍ ട്യൂബിന് തീപിടിക്കുകയും സിലിണ്ടറിലേക്ക് തീയെത്തുകയുമായിരുന്നു.
സിലിണ്ടര്‍ ചൂടാകാന്‍ തുടങ്ങിയപ്പോള്‍ പരിഭ്രാന്തരായ തൊഴിലാളികള്‍ താഴേക്ക് ഇറങ്ങിയോടി. പയ്യന്നൂരില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണു സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടാകുമായിരുന്ന വന്‍ ദുരന്തം ഒഴിവാക്കിയത്.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ പി. ശ്രീനിവാസന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ജിനോ ജോണ്‍, കെ.വി. വിപിന്‍, എം.എസ്. അഖില്‍, യു.കെ. ലിജീഷ്, ഹോംഗാര്‍ഡുമാരായ പദ്മനാഭന്, ഗോവിന്ദന് നമ്പീശന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വാണിജ്യ സിലിണ്ടറിന് വില കുത്തനേ കൂട്ടി. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണു വർധിപ്പിച്ചത്. ഇതോടെ ഇന്നലെ കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന് 3,085 രൂപയായി.
സിലിണ്ടർ വില വര്‍ധിച്ചതിനു പിന്നാലെ ഹോട്ടല്‍ ഭക്ഷണ വിലയും വർധിച്ചു. തീവിലയ്ക്കു സിലിണ്ടര്‍ വാങ്ങി ഭക്ഷണം പാകംചെയ്തു നിലവിലെ വിലയ്ക്കു നല്കിയാല് വന്‍ സാമ്പത്തികബാധ്യതയാകുമെന്നു ചൂണ്ടിക്കാട്ടിയാണ് കൊച്ചി നഗരത്തിലടക്കം ഹോട്ടല്‍ വിഭവങ്ങള്‍ക്കു വില വര്‍ധിപ്പിച്ചുതുടങ്ങിയത്.
സിലിണ്ടര്‍ ക്ഷാമത്തെത്തുടര്‍ന്ന് ചായയ്ക്കും ഭക്ഷണസാധനങ്ങള്ക്കുമടക്കം കഴിഞ്ഞ ഒരുമാസത്തിനിടെ വില വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടർ വിലവര്‍ധനയ്ക്കെതിരേ ഒരു വശത്ത് ഹോട്ടല്‍ വ്യാപാരികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് വിഭവങ്ങളുടെ വിലയും ഉയര്‍ത്തിയിട്ടുള്ളത്.
പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ആറിന് ഹോട്ടലുകളടച്ചിട്ട് സമരം ചെയ്യാൻ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് തീരുമാനിച്ചു.
ഭക്ഷ്യോത്പാദന വിതരണ മേഖലയ്ക്ക് ഒരുവിധത്തിലും പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യമാണുള്ളത്. കടയടപ്പിനു മുന്നോടിയായി യൂണിറ്റ്, ജില്ലാ തലങ്ങളില്‍ പ്രതിഷേധസമരങ്ങള്‍ നടത്തും. ആറിന് കടകളടച്ച് ജില്ലാ ആസ്ഥാനങ്ങളിലേക്കും എണ്ണക്കമ്പനി ഓഫീസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍, ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖ് എന്നിവര്‍ അറിയിച്ചു.
സിലിണ്ടര്‍ ക്ഷാമം നിലനില്‍ക്കുന്നതിനിടെ വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുത്തനേ വര്‍ധിപ്പിച്ചത് ഹോട്ടല്‍ മേഖലയ്ക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഇതുവരെയായി 1,498 രൂപയാണ് ഒരു സിലിണ്ടറിനുമേല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.
വാണിജ്യ എല്‍പിജി വിലവര്‍ധനയില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ബേക്കഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ബ്രെഡ്, ബണ്‍, റസ്ക് തുടങ്ങിയ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനച്ചെലവ് വര്‍ധിക്കുന്നതോടെ അതിന്റെ ഭാരം ഉപഭോക്താക്കളിലേക്കു കൈമാറാന്‍ ഉത്പാദകര്‍ നിര്‍ബന്ധിതരാകുകയാണ്.
വിലവര്‍ധന മൂലം പല കടകളും അടച്ചുപൂട്ടലിലേക്കും നീങ്ങുകയാണ്. ഇതു വലിയ സാമ്പത്തിക ബാധ്യതയും തൊഴില്‍നഷ്ടവും സൃഷ്ടിക്കും. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് അസോസിയേഷന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കത്തയച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു പ്രേം ശങ്കര്‍, പ്രസിഡന്റ് കിരണ്‍ എസ്. പാലയ്ക്കല്‍ എന്നിവര്‍ പറഞ്ഞു.
National
പരവൂർ: രാജ്യത്തെ പാചകവാതക വിതരണ രംഗം പൂർണമായും ഡിജിറ്റൽ ട്രാക്കിലേക്ക്. എൽപിജി സിലിണ്ടറുകളുടെ ഓൺലൈൻ ബുക്കിംഗ് 99 ശതമാനത്തിലെത്തിയതായും ഒടിപി അടിസ്ഥാനമാക്കിയുള്ള വിതരണം 94.5 ശതമാനം കടന്നതായും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.
ഉപഭോക്താക്കൾക്കു തടസമില്ലാതെ പെട്രോളിയം ഉത്പന്നങ്ങളും പാചകവാതകവും ലഭ്യമാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കാണുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിതരണത്തിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. നിലവിൽ ഒരു വിതരണ കേന്ദ്രത്തിലും സിലിണ്ടർ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. പൈപ്പ് വഴി പാചകവാതകം എത്തിക്കുന്ന പിഎൻജി കണക്ഷനുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി.
കഴിഞ്ഞ മാസം മാത്രം അഞ്ച് ലക്ഷത്തിലധികം പുതിയ പിഎൻജി കണക്ഷനുകൾ സജീവമാക്കി.
ഇതോടെ ആകെ കണക്ഷനുകളുടെ എണ്ണം എട്ട് ലക്ഷത്തോടടുക്കുകയാണ്. ആറ് ലക്ഷത്തോളം പേർ പുതിയ കണക്ഷനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിഎൻജി ലഭ്യമായതോടെ 42,000 ഉപഭോക്താക്കൾ തങ്ങളുടെ എൽപിജി കണക്ഷനുകൾ ഉപേക്ഷിച്ചു.
രാജ്യത്തെ എല്ലാ റിഫൈനറികളും പൂർണശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീടിന്റെ വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും അപകടത്തിൽ കത്തി നശിച്ചു.
മംഗലപുരം കൊയ്ത്തൂർ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് അപകടമുണ്ടായത്. രാത്രി 12.30ഓടെയാണ് സംഭവം. സിലിണ്ടർ ലീക്കായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Business
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഉൗർജ ഉപഭോക്താക്കളായ ഇന്ത്യയുടെ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) ഉപഭോഗം മാർച്ചിൽ ഇടിഞ്ഞു. മാർച്ചിൽ ഏകദേശം 16 ശതമാനം പ്രതിമാസ ഇടിവും 13 ശതമാനം വാർഷിക കുറവും രേഖപ്പെടുത്തി 2.38 മില്യണ്‍ ടണ്ണിലെത്തി. ഇത് കഴിഞ്ഞ് 21 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവാണ്.
എന്നാൽ, ഇതിനു വിപരീതമായി ഡീസൽ, പെട്രോൾ ഉപഭോഗം യഥാക്രമം 8.73 മില്യണ്‍ ടണ്ണും 3.78 മില്യണ്‍ ടണ്ണുമായി റിക്കാർഡ് തലത്തിൽ ഉയരുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഇവയുടെ വിതരണം തടസപ്പെടുമെന്ന ആശങ്കയെത്തുടർന്ന് ഒൗട്ട്ലെറ്റുകളിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് ഡീസൽ, പെട്രോൾ വാങ്ങൽ ഉയരാൻ കാരണം.
പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി)യുടെ കണക്കുകൾ പ്രകാരം കഴിഞ്ഞമാസത്തെ എൽപിജി ഉപഭോഗത്തിലുണ്ടായ 15.7 ശതമാനം പ്രതിമാസ റിക്കാർഡ് കുറവാണ്. ഇതിനു മുന്‍പുള്ള കുറഞ്ഞ ഉപഭോഗം 2024 ജൂണിലായിരുന്നു.
മൊത്തത്തിൽ ഉയർന്നു
മൊത്തത്തിൽ ഇന്ത്യയുടെ എൽപിജി ഉപഭോഗം കഴിഞ്ഞ വർഷത്തേക്കാൾ ആറു ശതമാനം വർധിച്ച് 33.21 മില്യണ്‍ ടണ്ണിലെത്തി. 2019 സാന്പത്തികവർഷത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക വളർച്ചയാണ്.
എൽപിജി വിതരണമാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. ഇതിന്റെ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണെത്തുന്നത്. ഇത് ഇറക്കുമതിയെ സാരമായി ബാധിച്ചു. ഫെബ്രുവരിയിലെ 2 മില്യണ്‍ ടണ്ണിൽനിന്ന് മാർച്ചിൽ 1.1 മില്യണ്‍ ടണ്ണായി കുറഞ്ഞു. ഇറക്കുമതിയിലുണ്ടായ ഏറ്റവും വലിയ പ്രതിമാസ ഇടിവുകളിലൊന്നാണിത്- ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
വാർഷിക എൽപിജി ഉപഭോഗത്തിന്റെ 90-92 ശതമാനവും വീടുകളിലാണ്. അതിനാൽ എൽപിജി വിതരണത്തിൽ വീടുകൾക്കാണ് പ്രധാന്യം നല്‍കുന്നത്. ഇതുകൂടാതെ പെട്രോളിയം മന്ത്രാലയം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്് (പിഎൻജി) പദ്ധതിക്ക് ഉൗന്നൽ നൽകിയിട്ടുണ്ട്. ഈ പദ്ധതിയിൽ മാർച്ചിൽ മൂന്നു ലക്ഷത്തിലധികം പേർ ചേർന്നു. ഏപ്രിൽ അവസാനത്തോടെ ഏകദേശം ആറു മുതൽ ഏഴു ലക്ഷം പുതിയ ഉപഭോക്താക്കൾ പിഎൻജിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡീസലും പെട്രോളും ഉയർന്നു
മാർച്ചിലെ ഡീസൽ ഉപഭോഗം 14 ശതമാനം പ്രതിമാസ വർധനയും എട്ടു ശതമാനം വാർഷിക ഉയർച്ചയുമായി 8.73 മില്യണ്‍ ടണ്ണെന്ന റിക്കാർഡ് ഉയരത്തിലെത്തി. ഇതിനു മുന്‍പുള്ള ഉയർന്ന നിരക്ക് 2025 മേയിലെ 8.57 മില്യണ്‍ ടണ്ണിന്റെതാണ്.
ഇതുപോലെ പെട്രോളിന്റെ ഉപഭോഗം 12 ശതമാനം പ്രതിമാസ ഉയർച്ചയും ഏകദേശം എട്ടു ശതമാനം വാർഷിക വർധനയുമായി 3.78 മില്യണ്‍ ടണ്ണിലെത്തി. ഇതിനു മുന്‍പുള്ള ഉയർന്ന നിരക്ക് കഴിഞ്ഞ വർഷം മേയിലെ 3.78 മില്യണ്‍ ടണ്ണാണ്.
ലോകത്തെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യയുടെ ഉപഭോഗത്തിന്റെ 60 ശതമാനവും കണ്ടെത്തുന്നത് മിഡിൽ ഈസ്റ്റ് ഗൾഫ് മേഖലകളിൽനിന്നാണ്. ഇവിടുന്നുള്ള കൂടുതൽ ചരക്കും ഹോർമുസ് കടലിടുക്കിലൂടെയാണ് എത്തുന്നത്.
ഫെബ്രുവരി 28 മുതൽ ഉൗർജ വിതരണത്തിലെ ഈ സുപ്രധാനപാത അടഞ്ഞത് ഇന്ത്യയുടെ ഇറക്കുമതിയെ കാര്യമായി ബാധിച്ചു. സാധാരണ നിലയിൽ പ്രതിദിനം ഏകദേശം 54,000 ടണ്‍ ഇറക്കുമതിയിൽനിന്ന് നിലവിൽ 30,000 ടണ്ണായി കുറഞ്ഞിരിക്കുകയാണ്.
Kerala
പരവൂര്‍: രാജ്യത്ത് എല്‍പിജി ലഭ്യതയെക്കുറിച്ച് പടരുന്ന തെറ്റായ പ്രചാരണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.
പാചകവാതക ക്ഷാമം ഉണ്ടെന്ന കിംവദന്തികള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതായും ഇത് അനാവശ്യമായ വാങ്ങലുകളിലേക്കും പൂഴ്ത്തിവയ്പുകളിലേക്കും നയിക്കുന്നുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രതിരോധിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആശയവിനിമയ സംവിധാനങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തെഴുതി.
നിലവില്‍ കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങള്‍ മാത്രമാണ് എല്‍പിജി ലഭ്യതയെക്കുറിച്ച് കൃത്യമായ ഇടവേളകളില്‍ വിവരങ്ങള്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം ബോധവത്കരണ പരിപാടികള്‍ ഇല്ലാത്തത് കിംവദന്തികള്‍ പടരാന്‍ കാരണമാകുന്നുവെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ കത്തില്‍ വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ദിവസേന പത്രസമ്മേളനങ്ങള്‍ നടത്തണമെന്നും സോഷ്യല്‍ മീഡിയ വഴിയും ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയും കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ആഗോള വിതരണ ശൃംഖലയെ ബാധിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ എല്‍പിജി ക്ഷാമത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ ശക്തമായത്.
എന്നാല്‍ രാജ്യത്ത് മതിയായ അളവില്‍ പാചകവാതകം ലഭ്യമാണെന്നും വിതരണം സുഗമമാണെന്നും മന്ത്രാലയം ഉറപ്പുനല്‍കി. ഈ സാഹചര്യം മുതലെടുത്ത് അമിത ലാഭത്തിനായി സിലിണ്ടറുകളും മറ്റ് അവശ്യവസ്തുക്കളും പൂഴ്ത്തിവെയ്ക്കുന്നവര്ക്കും കരിഞ്ചന്തക്കാര്ക്കുമെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
Business
കൊച്ചി: ഇന്ധന വിതരണത്തിൽ ക്രമക്കേട് നടത്തിയ 53 വിതരണക്കാർക്കെതിരേ നടപടിയെടുത്തെന്നു ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ).
20 ഏജൻസികളുടെ വിതരണാവകാശം സസ്പെൻഡ് ചെയ്തു. അനധികൃതമായി വിതരണത്തിന് എത്തിച്ച 3163 സിലിണ്ടറുകൾ കണ്ടുകെട്ടി. രാജ്യവ്യാപകമായി നടത്തിയ 4028 പരിശോധനകളിലാണ് ക്രമക്കേട് നടത്തിയവർക്കെതിരേ നടപടി സ്വീകരിച്ചതെന്നു കമ്പനി അറിയിച്ചു.
സംസ്ഥാന സർക്കാരുകളുടെയും എണ്ണ വിതരണ കമ്പനികളുടെയും സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്. വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് പെട്രോളിന്റെയും എൽപിജിയുടെയും വിതരണം സുഗമമായി നടക്കുന്നതായി എച്ച്പിസിഎൽ അറിയിച്ചു. കുപ്രചാരണങ്ങൾക്കും അനധികൃത വ്യാപാരങ്ങൾക്കുമെതിരേ കർശന നടപടി സ്വീകരിക്കുമെന്നും എച്ച്പിസിഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷത്തിനുശേഷം ഇതിനോടകം 3.8 കോടി ലിറ്റർ പെട്രോളിന്റെയും 6.9 കോടി ലിറ്റർ ഡീസലിന്റെയും വ്യാപാരമാണ് നടത്തിയത്. 9951 ടാങ്കറുകളിലാണ് രാജ്യത്തുടനീളമുള്ള പമ്പുകളിലേക്ക് ഇന്ധനമെത്തിച്ചത്.
ഏപ്രിൽ നാലിനു മാത്രം വ്യാപാരസ്ഥാപനങ്ങളിലേക്കും ഗാർഹിക ഉപഭോക്താക്കൾക്കുമായി ആകെ 14.40 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം കണക്കിലെടുത്തു ഗാർഹിക ഉപഭോക്താക്കൾക്കുള്ള എൽപിജി വിതരണം കാര്യക്ഷമമാക്കിയതായും എച്ച്പിസിഎൽ അറിയിച്ചു.
Kerala
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
താന്നിമൂട് ആണ് അപകടം ഉണ്ടായത്. ഗൃഹനാഥനും മകനുമാണ് പരിക്ക് പറ്റിയത്. അടുക്കളയിൽ വെച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക എൽപിജി, പെട്രോൾ, ഡീസൽ വിതരണത്തിൽ യാതൊരു പ്രതിസന്ധിയുമില്ലെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. കൊമേഴ്സ്യൽ എൽപിജി വിതരണവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നതല്ലാതെ എൽപിജി വിതരണത്തിൽ തടസമില്ല.
സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സെമിഎസൻഷൽ വിഭാഗത്തിലെ ഫാർമസ്യൂട്ടിക്കൽ, റെയിൽവേ കേറ്ററിംഗ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യകതയുടെ 100 ശതമാനം ആയി എൽപിജി വിതരണം വർധിപ്പിച്ചും, ഹോട്ടൽ, റസ്റ്റോറന്റ്, ഇൻഡസ്ട്രിയൽ ബേസ്ഡ് സർവീസുകളിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് അവരുടെ ആകെ ആവശ്യകതയുടെ 62 ശതമാനം എൽപിജി വിതരണം നടത്തുവാനും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.
പൊതുജനങ്ങൾക്കുള്ള പരാതികൾ അറിയിക്കുന്നതിന് എല്ലാ താലൂക്കിലും എൽപിജി കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. അതാത് താലൂക്ക് പരിധിയിൽ വരുന്ന പരാതികൾ ബന്ധപ്പെട്ട താലൂക്ക് കണ്ട്രോൾ റൂമുകളിൽ അറിയിക്കണം. അതാത് ജില്ലാ കേന്ദ്രങ്ങളിലും എൽപിജി കണ്ട്രോൾ റൂം പ്രവർത്തിച്ചു വരികയാണ്.
താലൂക്ക് കണ്ട്രോൾ റൂമിൽ അറിയിച്ചിട്ട് നടപടി തൃപ്തികരമല്ല എങ്കിൽ ബന്ധപ്പെട്ട ജില്ലാ കണ്ട്രോൾ റൂമുകളിൽ പരാതി നൽകാം. സിറ്റി ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനായി സെക്രട്ടേറിയറ്റിൽഎൽപിജി വാർ റും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സിറ്റി ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികളും നിർദ്ദേശങ്ങളും 1800 425 0290 എന്ന ടോൾ ഫ്രീ നന്പരിൽ അറിയിക്കാം.
National
ന്യൂഡൽഹി: ഡൽഹിയിലെ സംഗം വിഹാർ മേഖല കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന നിയമവിരുദ്ധ എൽപിജി മാഫിയയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് പിടികൂടി. റെയ്ഡിൽ 183 ഗ്യാസ് സിലിണ്ടറുകൾ പോലീസ് പിടിച്ചെടുത്തു. ഗ്യാസ് ഏജൻസികളിലെ ഡെലിവറി ഏജന്റുമാരായി ജോലി ചെയ്യുന്നവരാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ഷേർ സിംഗ്, സൂരജ് പരിഹാർ, രഘു രാജ് സിംഗ്, ജിതേന്ദർ എന്നിവരാണ് പിടിയിലായ ഡെലിവറി ഏജന്റുമാർ. പ്രതികളുടെ ഗോഡൗണുകളിൽ നിന്നായി 154 നിറഞ്ഞ സിലിണ്ടറുകളും 29 ഒഴിഞ്ഞ സിലിണ്ടറുകളും ഉൾപ്പെടെ ആകെ 183 എണ്ണമാണ് പോലീസ് കണ്ടെടുത്തത്.
ഉപഭോക്താക്കൾക്ക് നൽകേണ്ട സിലിണ്ടറുകൾ മറിച്ചുവിറ്റും, സിലിണ്ടറുകളിൽ നിന്ന് ഗ്യാസ് ചോർത്തി ചെറിയ സിലിണ്ടറുകളിൽ നിറച്ച് ഉയർന്ന വിലയ്ക്ക് വിൽപന നടത്തിയുമാണ് ഇവർ ലാഭമുണ്ടാക്കിയിരുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം നേരിടുമെന്ന വാർത്തകൾക്കിടെ, സിലിണ്ടറുകൾ പൂഴ്ത്തിവെച്ച് വൻ വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കാനായിരുന്നു ഇവരുടെ നീക്കമെന്ന് പോലീസ് വ്യക്തമാക്കി.
National
ചെന്നൈ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നു പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ വിറകടുപ്പിലേക്ക് മാറി ചെന്നൈയിലെ ഹോട്ടലുകൾ.
സിലിണ്ടറുകൾ ലഭിക്കാത്തതും വിലക്കയറ്റം രൂക്ഷമായതുമാണു വിറകടുപ്പിലേക്കു മാറുന്നതിന് ഹോട്ടലുകളെ നിർബന്ധിതമാക്കിയത്. അതേസമയം വിറക് ക്ഷാമവും ഹോട്ടൽമേഖലയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
നിലവിൽ ചെന്നൈയിലെ ഹോട്ടലുകളിൽ 90-ശതമാനവും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും പാചകവാതക ക്ഷാമത്തോടെ കച്ചവടത്തിൽ 30 ശതമാനത്തിലധികം ഇടിവുസംഭവിച്ചെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
സംസ്ഥത്തെ ഹോട്ടലുകളിൽ മിക്കവയും റംസാൻ ദിനത്തിൽ ബിരിയാണി ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാനായി വിറകടുപ്പിനെയാണ് ആശ്രയിച്ചത്.
അതേസമയം ആവശ്യക്കാർ ഏറിയതോടെ വിറക് വിലയും ഉയർന്നതായി തമിഴ്നാട് ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് എം വെങ്കടസുബ്ബു പറഞ്ഞു.
Kerala
കൊച്ചി: പാചകവാതക, വ്യോമയാന ഗതാഗത പ്രതിസന്ധി സംസ്ഥാനത്തെ ഇവന്റ് മാനേജ്മെന്റിനെയും ഇതുമായി ബന്ധപ്പെട്ട മേഖലകളെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അടിയന്തരമായ ഇടപെടൽ ആവശ്യമെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള (ഇമാക്).
വിവാഹ സീസണും കോർപറേറ്റ് കോൺഫറൻസുകളും സജീവമാകുന്ന ഈ സമയത്ത് നിലവിലെ സാഹചര്യം മേഖലയെ തകർക്കുന്ന അവസ്ഥയിലാണെന്ന് അസോസിയേഷൻ പറഞ്ഞു.
ആവശ്യമായ പാചകവാതകം നിലവിൽ ലഭ്യമാകാത്തതിനാൽ ഇവന്റുകൾ പലതും റദ്ദാക്കുകയാണ്. നിലവിൽ വിമാനസർവീസുകൾ പലതും റദ്ദാക്കപ്പെട്ടതും വിമാനടിക്കറ്റുകൾക്ക് നിരക്കു വർധനയുണ്ടായതും ഡെസ്റ്റിനേഷൻ വെഡിംഗ് സാധ്യതകളെ ബാധിച്ചു. കേരളത്തിൽ ഇവന്റുകൾ നടത്താൻ താത്പര്യപ്പെടുന്ന പുറത്തുള്ള പലരും അതിൽനിന്ന് പിൻവലിയുന്നു.
കേരളത്തിൽ ഇവന്റ് വ്യവസായവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മൂന്നു ലക്ഷം തൊഴലാളികളുടെ ഉപജീവനമാർഗവും പ്രതിസന്ധിയിലാണെന്നും ഇമാക് സംസ്ഥാന പ്രസിഡന്റ് രാജു കണ്ണമ്പുഴ, ജനറൽ സെക്രട്ടറി ബഹന്നാൻ കെ. അരീക്കൽ, ട്രഷറർ പ്രവീൺ ചന്ദ്രൻ എന്നിവർ ചൂണ്ടിക്കാട്ടി.
Kerala
കോട്ടയം: സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന ഹോട്ടലുകളില്‍ നാല്പതിനായിരവും പാചക വാതക ക്ഷാമത്തെത്തുടര്‍ന്ന് അടച്ചതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്. വീടുകളില്‍ നിന്നും യാത്രയ്ക്കും ജോലിക്കും പോകുന്നവര്‍ പട്ടിണിയാകുമെന്ന സാഹചര്യമാണ്.
പരീക്ഷക്കാലം എത്തിയതോടെ ഹോസ്റ്റലുകളും മെസുകളും അടയും. ലേബര്‍ ക്യാമ്പുകളില്‍ ഇന്ധനമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളും നാടുവിടേണ്ടിവരും. ആശുപത്രി കാന്റീനുകള്‍ പൂട്ടിയാല്‍ രോഗികളും കൂട്ടിരിപ്പുകാരും ക്ലേശിക്കും.
ഹോട്ടല്‍ മേഖലയില്‍ ശുചീകരണം, ഹൗസ് കീപ്പിംഗ് വിഭാഗങ്ങളിലേറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഹോട്ടലുകള്‍ പൂട്ടിയാല്‍ ഇവര്‍കൂടി മടങ്ങും. രാത്രികാല തട്ടുകളും വഴിയോര ചായക്കടകളും ബേക്കറി ചിപ്സ് സ്ഥാപനങ്ങളുമൊക്കെ അടയുകയാണ്. തട്ടുകടകള്‍ നിലച്ചതോടെ രാത്രിയാത്രക്കാരാണ് ഏറെ ദുരിതപ്പെടുന്നത്.
ഇരട്ടി വില നല്കിയാലും സിലിണ്ടര്‍ കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് ഹോട്ടലുടമകള്‍ പറഞ്ഞു. കരിഞ്ചന്തയില്‍ 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന് 4000 രൂപവരെയാണ് ഈടാക്കുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തിലെ ഹോട്ടല്‍ വ്യവസായ മേഖല പൂര്‍ണമായും സ്തംഭിക്കും. ഒപ്പം ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വരുമാനവും നിലയ്ക്കും.
വാതകക്ഷാമത്തിനൊപ്പം ഹോട്ടലുകളുടെ ചെലവും കൂടുകയാണ്. ഗ്യാസിനു പകരം ഇന്‍ഡക്ഷന്‍ കുക്കറുകള്‍, ഇന്‍ഡക്ഷന്‍ കോയിലുകള്‍, ഇലക്ട്രിക് കെറ്റിലുകള്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതോടെ വൈദ്യുതി ചാര്‍ജ് കുതിച്ചുയരുന്നു. ഇതും വലിയ സാമ്പത്തികനഷ്ടമാണ് ഹോട്ടലുടമകള്‍ക്ക് ഉണ്ടാക്കുന്നത്.
പ്രതിസന്ധി രൂക്ഷമായതോടെ ബിരിയാണി, അല്‍ഫാം, ചിക്കന്‍, ബീഫ്, മട്ടണ്‍ വിഭവങ്ങള്‍ക്ക് 10-20 രൂപ നിരക്ക് കൂട്ടി. സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ പുതിയ ഹോട്ടലുകളില്‍ വിറകടുപ്പിന് സംവിധാനമില്ല. വിറകടുപ്പ് ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകളും ചായക്കടകളും മാത്രമാണ് ഒരുവിധം പ്രവര്‍ത്തിക്കുന്നത്.
ഇവ പാചകം ചെയ്യുന്നതിന് ഇന്ധനം അധികം വേണ്ടിവരുമെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. മിക്ക ഹോട്ടലുകളിലും ചൈനീസ് വിഭവങ്ങളും ഊണും പൂര്‍ണമായി നിറുത്തി.
ഐഒസി, ബിപിസിഎല്‍ എന്നീ പ്രധാന കമ്പനികള്‍ വാണജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഉച്ചഭക്ഷണം തയാറാക്കാന്‍ പല സ്കൂളുകളിലും ഒന്നോ രണ്ടോ ദിവസംകൂടി മാത്രം ഉപയോഗിക്കാനുള്ള പാചകവാതകമേ കരുതലുള്ളൂ. ഈ മാസംകൂടി മാത്രമേ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കേണ്ടതുള്ളൂ എന്നതാണ് ആശ്വാസം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി രൂക്ഷം. വാണിജ്യ സിലണ്ടറുകള്ക്കു മാത്രമല്ല, ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്കും കടുത്ത ക്ഷാമമാണ് ഇപ്പോഴും നേരിടുന്നത്.
രണ്ടാഴ്ച മുന്‍പ് ബുക്ക് ചെയ്ത സിലിണ്ടറുകള്‍ പോലും ഇതുവരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല. നിലവില്‍ മിക്ക ഏജന്‍സികളും ബുക്കിംഗ് സ്വീകരിക്കുന്നതും നിര്‍ത്തിയിട്ടുണ്ട്. മുന്‍പ് ഗ്യാസ് കമ്പനികള്‍ അഞ്ച് കിലോയുടെ ചെറിയ ഗ്യാസ് കുറ്റികള്‍ വിതരണം ചെയ്തിരുന്നു.
എന്നാല്‍ എല്‍പിജി ക്ഷാമം രൂക്ഷമായതോടെ ഇതിന്റെ വിതരണവും തടസപ്പെട്ടിരിക്കുകയാണ്. എല്‍പിജി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകള്‍ അടച്ചിരിക്കുകയാണ്.
അനധികൃതമായി ഗാര്‍ഹിക പാചക വാതക സിലിണ്ടറുകള്‍ ഹോട്ടലുകളിലേക്ക് കടത്തി ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ 1955 ലെ അവശ്യസാധനനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള എല്‍പിജി നിയന്ത്രണ ഉത്തരവ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: ഗ്യാസ് സിലിണ്ടര്‍ ബുക്കിംഗിന്റെയും ബില്‍ അപ്ഡേഷന്റെയും പേരില്‍ സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നു. ജാഗ്രത പാലിച്ചില്ലെങ്കില്‍ അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെടുന്നതിനു കണക്കുണ്ടാകില്ല.
സിലിണ്ടര്‍ ക്ഷാമം വന്നതോടെയാണ് തട്ടിപ്പുകാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ആദ്യം മൊബൈല്‍ ഫോണിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം വരും. തുടര്‍ന്ന് വാട്സാപ്പ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍ /”ഗ്യാസ് ബിൽ അപ്ഡേറ്റ് എപികെ’ എന്ന പേരിലുള്ള ഒരു ഫയല്‍ അയച്ചു നല്‍കും.
ഗ്യാസ് ബുക്കിംഗ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനോ കുടിശിക തീര്‍ക്കാനോ ഈ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ആവശ്യപ്പെടും. ഈ എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്റെ പൂര്‍ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും. ഇതിലൂടെ ഫോണിലുള്ള ബാങ്ക് വിവരങ്ങളും യുപിഐ പിന് നമ്പറുകളും ചോര്‍ത്തി ഉപയോക്താവ് അറിയാതെതന്നെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കും.
► അപരിചിത ലിങ്കുകള്‍ ഒഴിവാക്കുക: വാട്സാപ്പ് വഴിയോ എസ്എംഎസ് വഴിയോ ലഭിക്കുന്ന എപികെ ഫയലുകള്‍ യാതൊരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്.
► സിലിണ്ടര്‍ ബുക്കിംഗിനും പേയ്മെന്റിനുമായി ഗ്യാസ് ഏജന്‍സികളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ മൊബൈല്‍ ആപ്പുകളോ മാത്രം ഉപയോഗിക്കുക.
► അടിയന്തര സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ പരിഭ്രാന്തരാകാതെ അതിന്റെ സത്യാവസ്ഥ നേരിട്ട് ഏജന്‍സിയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.
► ബാങ്ക് വിവരങ്ങളോ പാസ്വേർഡുകളോ അപരിചിതമായ വെബ്സൈറ്റുകളിലോ ആപ്പുകളിലോ നല്‍കരുത്.
► സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന ഹെല്പ്ലൈന് നമ്പറിലോ www.cybercrime.gov.in എന്ന പോര്‍ട്ടല്‍ വഴിയോ പരാതി രജിസ്റ്റര്‍ ചെയ്യണം.
National
സൂററ്റ്: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. ഒന്‍പതു പേർക്ക് പരിക്കേറ്റു. ഗുജറാത്തിലെ സൂററ്റ് നഗരത്തിൽ തയ്യൽക്കട ഉൾപ്പെടെയുള്ള കെട്ടിടത്തിലാണു പൊട്ടിത്തെറി ഉണ്ടായത്.
എട്ടു സിലിണ്ടറുകളാണു കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നതെന്നും ഇതിൽ രണ്ടെണ്ണമാണു പൊട്ടിത്തെറിച്ചത്.
സ്ഫോടനമുണ്ടായുടനെതന്നെ അഗ്നിരക്ഷാ സേനയുടെ നാലു യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
കോട്ടയം: അഗതിമന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ പാചകവാതക ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമാകുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി കത്തയച്ചു.
വൃദ്ധജന സംരക്ഷണവും രോഗീപരിചരണവും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനോ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിനോ സാധിക്കുകയില്ല.
ഇത്തരം സ്ഥാപനങ്ങളില്‍ പാചകവാതക സിലിണ്ടറുകള്‍ പ്രത്യേക പരിഗണനയോടെ നല്കുന്നതിനു നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
Kerala
പുതുക്കാട്: പാചകവാതക പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ നഷ്ടമായത് 63,000 സിലിണ്ടറുകള്‍ നിറയ്ക്കുന്നതിനുള്ള പാചകവാതകമെന്നു കണക്ക്.
കൊച്ചി-സേലം പൈപ്പ് ലൈനില്‍ ഒരടി വ്യാസമുള്ള പൈപ്പിന്റെ 12 കിലോമീറ്റര്‍ വരുന്ന ഭാഗത്താണ് ചോര്‍ച്ച ഉണ്ടായത്. ഈ സമയം 900 ടണ്‍ പാചകവാതകം പൈപ്പിലുണ്ടായിരുന്നു എന്നുപറയുന്നു.
പൈപ്പ് ലൈനില്‍ നെല്ലായിയിലും മരത്താക്കരയിലുമുള്ള വാല്‍വുകള്‍ അടച്ചശേഷം ഈ ഭാഗത്തെ ഗ്യാസ് നീക്കംചെയ്ത് വെള്ളംനിറച്ച് പമ്പ് ചെയ്തു വൃത്തിയാക്കിയശേഷം വേണം ചോര്‍ച്ച അടയ്ക്കാന്‍. ഇതിനു കുറഞ്ഞതു മൂന്നുദിവസമെടുക്കും. ഈ സമയമത്രയും ചോര്‍ച്ചയിലൂടെ പുറത്തുപോകുന്ന ഗ്യാസിൽ വെള്ളം പമ്പുചെയ്ത് ശക്തി കുറച്ചുകൊണ്ടിരിക്കുകയും വേണം.
ഇന്നലെ വൈകുന്നേരം ആറുവരെ പുതുക്കാട് അഗ്നിരക്ഷാസേന ആറു യൂണിറ്റ് വെള്ളം ഇതിനായി ഉപയോഗിച്ചു. പൈപ്പിന്റെ ചോര്‍ച്ചയുള്ള ഭാഗത്തു പുറത്തേക്കുവരുന്ന വാതകവും വെള്ളവുമായി ചേര്‍ന്ന് ഐസ് രൂപപ്പെടുന്നതു ചോര്‍ച്ച കുറയാന്‍ സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
പെട്രോളിയം കമ്പനി അധികൃതര്‍ തെറ്റായി ലൊക്കേഷന്‍ അടയാളപ്പെടുത്തിയതാണ് പൈപ്പ് മാറി തുളയ്ക്കാന് കാരണമെന്നു കെഎസ്പിപിഎല്‍ അധികൃതര്‍ പറഞ്ഞു.
Business
കൊച്ചി: സംസ്ഥാനത്ത് എല്‍പിജി ക്ഷാമം മുതലെടുത്ത് ഗ്യാസ് സിലിണ്ടര്‍ വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് വ്യാപകം. ഇത്തരം സംഘങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്കി.
ഗ്യാസ് സിലിണ്ടറുകളുടെ കുറവ് കാരണം പലരും എല്‍പിജി ബുക്ക് ചെയ്യാന്‍ ഓണ്‍ലൈനില്‍ അടിയന്തരമായി അന്വേഷിക്കുന്ന സാഹചര്യമാണു നിലവിലുളളത്. ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പുകാര്‍ എസ്എംഎസ്, വാട്സാപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി വേഗത്തില്‍ എല്‍പിജി ലഭ്യമാക്കാമെന്നു പറഞ്ഞ് വ്യാജ ലിങ്കുകള്‍ അയയ്ക്കും.
ഇമ്മീഡിയറ്റ് ഗ്യാസ് സിലിണ്ടര്‍ ഡെലിവറി, എമര്‍ജന്‍സി എക്സ്ട്രാ സിലിണ്ടര്‍ സപ്ലൈ എന്നീ തലക്കെട്ടുകളോടെയാണ് തട്ടിപ്പുകാരുടെ രംഗപ്രവേശം. ബുക്ക് ചെയ്ത് മുന്‍കൂര്‍ പണമടച്ചാല്‍ ഉടന്‍ സിലിണ്ടര്‍ വീട്ടിലെത്തിക്കുമെന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്ന്. അതിവേഗം എക്സ്ട്രാ സിലിണ്ടര്‍ നല്‍കാമെന്ന വാഗ്ദാനവുമുണ്ട്.
താത്പര്യമുണ്ടെന്ന് വാട്സാപ്പില്‍ മറുപടി നല്കിയാല് പിന്നെ പണം അടയ്ക്കാനുള്ള ലിങ്ക് അയച്ചുതരും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ തട്ടിപ്പുകാരന്റെ എപികെ ഫയല്‍ ഉപയോക്താവിന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആകും. ഇതിലൂടെ ഉപയോക്താവിന്റെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരന്റെ കൈയിലാകും. എസ്എംഎസ് വഴിയും ഇത്തരം അജ്ഞാത ലിങ്കുകള്‍ നല്‍കിയാണു തട്ടിപ്പ്. പണം കൈക്കലാക്കിയാല്‍ ഉടന്‍ തട്ടിപ്പുകാര്‍ മുങ്ങും.
ഇത്തരത്തിലുള്ള സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം. അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെടാം. ഉപയോക്താവിന്റെ വാട്സാപ് അക്കൗണ്ട് തട്ടിപ്പുസംഘം കൈക്കലാക്കുകയും ചെയ്യും.
Kerala
പരവൂർ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ പാചകവാതക വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി. മാർച്ച് ആദ്യ പകുതിയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ എൽപിജി ഉപഭോഗം 17.7 ശതമാനം കുറഞ്ഞു.
വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ കാരണം ഗാർഹിക പാചകവാതക ലഭ്യത ഉറപ്പാക്കാൻ വാണിജ്യസ്ഥാപനങ്ങൾക്കുള്ള വിതരണം സർക്കാർ വെട്ടിക്കുറച്ചു. കഴിഞ്ഞ വർഷം മാർച്ച് ആദ്യ രണ്ടാഴ്ചയിൽ 1.387 ദശലക്ഷം ടണ്ണായിരുന്ന ഉപയോഗം ഇത്തവണ 1.147 ദശലക്ഷം ടണ്ണായി ചുരുങ്ങി.
ഫെബ്രുവരി ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 26.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
യുദ്ധം കാരണം ഗൾഫ് രാജ്യങ്ങളിൽ വ്യോമപാതകൾ അടച്ചതോടെ വിമാന ഇന്ധനമായ എടിഎഫ് ഉപഭോഗത്തിലും നാല് ശതമാനം കുറവുണ്ടായിട്ടുണ്ട്. എന്നാൽ പെട്രോൾ, ഡീസൽ വിൽപനയിൽ വർധനയുണ്ടായി. പെട്രോൾ വിൽപന 13.2 ശതമാനവും ഡീസൽ ഉപയോഗം 8.2 ശതമാനവും ഉയർന്നു.
National
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് എൽപിജി ക്ഷാമം കൂടുതൽ രൂക്ഷമാകുന്നതിനിടെ പ്രശ്നപരിഹാരത്തിന് ഊർജിത ശ്രമങ്ങളുമായി കേന്ദ്രം.
46,000 ടണ്‍ എല്‍പിജിയുമായി തിങ്കളാഴ്ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ശിവാലിക് എന്ന കപ്പല്‍ എത്തിയതിനു പിന്നാലെ 47,000 മെട്രിക് ടണ്‍ എല്‍പിജിയുമായി മറ്റൊരു എല്‍പിജി കാരിയറായ നന്ദാദേവി ഗുജറാത്തിലെ വാദിനാര്‍ തുറമുഖത്തും എത്തി.
ക്ഷാമം അവസാനിപ്പിക്കാനായി രാജ്യത്തിനകത്തും പുറത്തും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതായി കേന്ദ്രസർക്കാർ ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിനെ അറിയിച്ചു. എൽപിജി വിതരണക്കാർ നൽകിയ ഹർജിയെത്തുടർന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഹർജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12ന് കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചിരുന്നു.
എൽപിജി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ദ്രവീകൃത പ്രകൃതിവാതകത്തിലേക്കു മാറാൻ കേന്ദ്രസർക്കാർ ഉപഭോക്താക്കളോട് ആഹ്വാനം ചെയ്യുന്നുണ്ട്. രാജ്യത്തെ എൽപിജി വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.
വിതരണകേന്ദ്രങ്ങളിൽ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. റിഫൈനറികളിൽനിന്നുള്ള ആഭ്യന്തര ഉത്പാദനം 38 ശതമാനത്തോളം വർധിച്ചു. ഓൺലൈൻ ബുക്കിംഗ് 94 ശതമാനമായി ഉയർന്നു.
പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കുമെതിരേ കർക്കശ നടപടിയാണു പുരോഗമിക്കുന്നത്. ഏകദേശം 12,000 ലധികം റെയ്ഡുകളിലൂടെ 15,000ത്തോളം സിലിണ്ടറുകൾ പിടിച്ചെടുത്തുവെന്നും വിശദീകരണമുണ്ട്.
ഡല്‍ഹി, മുംബൈ, ബംഗളൂരു, കോല്‍ക്കത്ത എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധനക്ഷാമം അതിരൂക്ഷമാണ്.
Kerala
പരവൂർ: രാജ്യത്ത് പാചകവാതക (എൽപിജി) പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങളുടെ ഭക്ഷണശീലങ്ങളിൽ വൻ മാറ്റം. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് വിഭവങ്ങൾക്കും ഫ്രോസൺ ലഘുഭക്ഷണങ്ങൾക്കും വിപണിയിൽ ആവശ്യക്കാരേറി.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം ഉത്പന്നങ്ങളുടെ വിൽപനയിൽ 20 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയത്. ഇൻസ്റ്റന്റ് നൂഡിൽസ്, ബിരിയാണി കിറ്റുകൾ, തായ് കറി പേസ്റ്റുകൾ എന്നിവ ചില്ലറ വിൽപനശാലകളിൽനിന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും വൻതോതിൽ വിറ്റഴിയുന്നു.
പാചകവാതകം ഗാർഹിക വിതരണത്തിനു മുൻഗണന നൽകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും സിലിണ്ടറുകൾ ലഭിക്കാൻ നേരിടുന്ന കാലതാമസം വീട്ടമ്മമാരെ ഇൻസ്റ്റന്റ് ഭക്ഷണങ്ങളിലേക്കു തിരിയാൻ പ്രേരിപ്പിക്കുന്നു.
ഇൻസ്റ്റന്റ് ഭക്ഷണവിഭാഗത്തിൽ മാത്രം 10 മുതൽ 12 ശതമാനം വരെ വളർച്ചയുണ്ടായതായി പ്രമുഖ റീട്ടെയിൽ വ്യാപാരികൾ വ്യക്തമാക്കുന്നു. ജോലി ചെയ്യുന്ന പ്രഫഷണലുകൾക്കിടയിൽ പ്രോട്ടീൻ ഓട്സ്, മില്ലറ്റ് മ്യൂസ്ലി തുടങ്ങിയ പോഷകാഹാരങ്ങൾക്കും സ്വീകാര്യത വർധിച്ചു.
പാചകവാതകത്തിനു പകരമായി ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ, ഇലക്ട്രിക് കുക്കറുകൾ എന്നിവ വാങ്ങുന്നവരുടെ എണ്ണത്തിലും വൻ കുതിച്ചുചാട്ടമുണ്ട്. ഇൻഡക്ഷൻ അടുപ്പുകളുടെ ദൈനംദിന വിൽപന മൂന്നിരട്ടിയായാണ് വർധിച്ചത്. പല പ്രമുഖ ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഇത്തരം ഉപകരണങ്ങളുടെ സ്റ്റോക്ക് തീർന്ന അവസ്ഥയാണ്.
പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്കിടയിൽ റെഡി-ടു-ഈറ്റ് സംസ്കാരം കൂടുതൽ വ്യാപകമാകുമെന്നും ഇതു വിപണിയിൽ ദീർഘകാല മാറ്റങ്ങൾക്കു വഴിവയ്ക്കുമെന്നും ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.
National
ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ക്ഷാമവും എൽപിജി പൂഴ്ത്തിവയ്പും തടയാൻ സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ.
പശ്ചിമേഷ്യൻ സംഘർഷം ഉടലെടുത്തപ്പോൾത്തന്നെ സർക്കാർ ഇന്ത്യൻ പൗരന്മാർക്കു മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അതിനാൽത്തന്നെ സംഘർഷം ഇന്ധനവിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാരിന് അറിവുണ്ടായിരുന്നതായും രാജ്യസഭയുടെ ശൂന്യവേളയിൽ സംസാരിക്കവേ ഖാർഗെ ചൂണ്ടിക്കാട്ടി.
എൽപിജി ഇറക്കുമതികൾക്ക് പ്രതിസന്ധിയുണ്ടാകുമെന്ന് സർക്കാരിനു ബോധ്യമുണ്ടായിരുന്നെങ്കിൽ പിന്നീട് എന്തുകൊണ്ട് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും വിഷയം സഭയിൽ വിശദമായി ചർച്ച ചെയ്യണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്ന സർക്കാർ വാദം ശരിയല്ല. എൽപിജി പ്രതിസന്ധി ദരിദ്രരെയും സാധാരണക്കാരെയും മധ്യവർഗത്തെയും ഹോട്ടലുകളെയും വാണിജ്യ ഉപയോക്താക്കളെയും ഒരുപോലെ ബാധിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.
ഖാർഗെയ്ക്കുപിന്നാലെ സഭയിൽ സംസാരിച്ച സഭാനേതാവ് ജെ.പി. നഡ്ഡ പ്രതിസന്ധിഘട്ടത്തിലും വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കുന്നതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി.
പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തിനോടൊപ്പം നിലകൊള്ളുന്നതിനു പകരം അവർ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിസന്ധി ഇന്ത്യ മൂലമുണ്ടായതല്ലെന്നും നഡ്ഡ ചൂണ്ടിക്കാട്ടി.
National
ലക്നോ: യുപിയിൽ ഗ്യാസ് സിലിണ്ടർ വാങ്ങാൻ വരി നിൽക്കുന്നതിനിടെ വയോധികന് ദാരുണാന്ത്യം. മുഖ്തിയാർ അഹമ്മദ് (70) ആണ് മരിച്ചത്. ഫാറുഖാബാദ് ജില്ലയിലെ ഒരു ഗ്യാസ് ഏജൻസിക്ക് മുൻപിലായിരുന്നു സംഭവം.
ഗർഹിഖാൻ ഖാന സ്വദേശിയാണ് മുഖ്തിയാർ അഹമ്മദ്. ഗ്യാസ് സിലിണ്ടറിനായി വരിനിൽക്കുമ്പോൾ മുഖ്തിയാർ അഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് കൂടെ ഉണ്ടായിരുന്നവർ സിപിആർ നൽകിയിരുന്നു.
പിന്നാലെ മുഖ്തിയാർ അഹമ്മദിനെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാം ദിവസമാണ് മുഖ്തിയാർ അഹമ്മദ് ഗ്യാസ് സിലിണ്ടറിനായി വരി നിന്നത്. തലേ ദിവസവും മുഖ്തിയാർ സിലിണ്ടറിനായി വരി നിന്നെങ്കിലും ലഭിച്ചിരുന്നില്ല.
Kerala
പരവൂർ: പാചകവാതക വിതരണത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങൾ ശക്തമായതോടെ ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ഉപഭോക്താക്കൾ കൂട്ടത്തോടെ എത്തിയത് സർവറുകളെ പ്രതിസന്ധിയിലാക്കി.
ഈ സാഹചര്യത്തിൽ വൈകുന്നേരം ആറിനു ശേഷം സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ഉപഭോക്താക്കൾക്ക് നിർദേശം നൽകി. തിരക്ക് കുറഞ്ഞ സമയങ്ങളിൽ ബുക്കിംഗ് നടത്തുന്നത് കൂടുതൽ വേഗത്തിലും സുഗമമായും പ്രക്രിയ പൂർത്തിയാക്കാൻ സഹായിക്കുമെന്ന് ഐഒസി അധികൃതർ അറിയിച്ചു.
നിലവിൽ സാധാരണയേക്കാൾ പത്തിരട്ടി വരെ തിരക്കാണ് ബുക്കിംഗ് സർവറുകളിൽ അനുഭവപ്പെടുന്നത്. ഐവിആർ സംവിധാനം വഴിയുള്ള ബുക്കിംഗും പലയിടങ്ങളിലും തടസപ്പെടുന്നുണ്ട്. പാചകവാതക ക്ഷാമമുണ്ടാകുമെന്ന ആശങ്കയിൽ ആളുകൾ കൂട്ടത്തോടെ റീഫിൽ ബുക്ക് ചെയ്യുന്നതാണ് തിരക്കിന് കാരണം. എന്നാൽ രാജ്യത്ത് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ആഭ്യന്തര ഉത്പാദനം 28 ശതമാനത്തോളം വർധിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഗാർഹിക ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.
വാട്സാപ്പ് (7588888224), മൊബൈൽ ആപ്പ്, ബിബിപിഎസ് പ്ലാറ്റ്ഫോമുകൾ എന്നിവ വഴിയും ബുക്കിംഗ് നടത്താം. ഇ-കെ വൈസി പൂർത്തിയാക്കിയവർക്ക് മാത്രമേ നിലവിൽ ബുക്കിംഗ് സാധ്യമാകൂ. ഒരു സിലിണ്ടർ ലഭിച്ച് 25 ദിവസം കഴിഞ്ഞാൽ മാത്രമേ അടുത്ത ബുക്കിംഗ് നടത്താൻ അനുവാദമുണ്ടാകൂ എന്ന നിയമം കർശനമായി തുടരും.
സിലിണ്ടർ കൈപ്പറ്റുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഡെലിവറി ഓതന്റിക്കേഷൻ കോഡ് (ഡാക്ക്) നൽകുന്നത് നിർബന്ധമാണെന്നും ഐഒസി അറിയിച്ചു. രാത്രി 10 മുതൽ രാവിലെ ആറ് വരെ നടത്തുന്ന ബുക്കിംഗുകൾ രാവിലെ ആറിന് ശേഷമായിരിക്കും പ്രോസസ് ചെയ്യുകയെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് അയവില്ല. വാണിജ്യ സിലണ്ടറുകള്ക്കു മാത്രമല്ല, ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്കും കടുത്ത ക്ഷാമമാണ് ഇന്നലെയും നേരിട്ടത്.
10 ദിവസം മുന്‍പ് ബുക്ക് ചെയ്ത സിലിണ്ടറുകള്‍ പോലും ഇതുവരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല. നിലവില്‍ മിക്ക ഏജന്‍സികളും ബുക്കിംഗ് സ്വീകരിക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്.
അതേസമയം മധ്യപൂര്‍വേഷ്യയില്‍ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിലുണ്ടായ ഗുരുതര സാഹചര്യം നേരിടുന്നതിനായി മന്ത്രി ജി.ആര്. അനിലിന്റെ അധ്യക്ഷതയിലും തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ഓയില്‍ കമ്പനി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ പ്രതിനിധികള്‍ യോഗത്തില്‍ യോഗത്തില്‍ പങ്കെടുത്തു. സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ ഇതിനായി ഒരു വാര് റൂം സജ്ജമാക്കിയിട്ടുണ്ട്.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലണ്ടര്‍ വിതരണത്തിലെ നിയന്ത്രണത്തില്‍ ആവശ്യമായ ഇളവുകള്‍ നല്‍കണമെന്ന് ഓയില്‍ കമ്പനികളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അഭ്യര്‍ഥിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് മന്ത്രി ജി.ആര്. അനില്‍ കത്തു നല്കി.
മുന്‍ഗണനാമേഖലകളായ വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, സ്കൂളുകള്‍, ജനകീയ/സുഭിക്ഷാ ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സ്കൂള്‍, കോളജ് ഹോസ്റ്റലുകളിലും ഹോസ്റ്റലുകളോടു ചേര്‍ന്നുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍ പൊതുമേഖല ഓഫീസ് കാമ്പസിലെ കാന്റീനുകള്‍ എന്നിവയിലും മുന്‍ഗണന നല്കി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ തയാറാകണമെന്നുള്ള സര്‍ക്കാരിന്റെ അഭ്യര്‍ഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയില്‍ കമ്പനികള്‍ അറിയിച്ചു. ഇതിലേക്കായി മുന്‍ഗണനാ മേഖലകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പൊതുവിതരണ വകുപ്പ് അംഗീകരിച്ച് ഓയില്‍ കമ്പനികള്‍ക്ക് കൈമാറണമെന്നും യോഗം തീരുമാനിച്ചു.
Kerala
കോട്ടയം: രാജ്യത്ത് ഗാര്‍ഹിക- വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ പ്രതിസന്ധി സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് സത്യാവസ്ഥ വ്യക്തമാക്കണമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ മാണി എംപി.
സിലിണ്ടര്‍ വിതരണത്തിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാന്‍ പ്രായോഗിക നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
Business
കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമംമൂലം സംസ്ഥാനത്തെ ടൂറിസം-ഹോട്ടല്‍ മേഖല പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി.
ആയിരക്കണക്കിനു തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി നോക്കുന്നത്. നിലവില്‍ പലതും പൂട്ടിയിടേണ്ട അവസ്ഥയിലാണ്.
മാര്‍ച്ചില്‍ പരീക്ഷകള്‍ കഴിഞ്ഞ് ടൂറിസം സീസണ് വീണ്ടും സജീവമാകുമ്പോള്‍ ഈ മേഖലയ്ക്കു വലിയ വരുമാനനഷ്ടം ഉണ്ടാകുമെന്നും കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പ്രസ്താവനയിൽ പറഞ്ഞു.
പുകയടുപ്പുകളുടെ ഉപയോഗം കഴിവതും നിയന്ത്രിക്കണമെന്ന സർക്കാർ ആഹ്വാനം നടപ്പാക്കിവരുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധിയുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക ക്ഷാമം അതിരൂക്ഷമായി ബാധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകൾ. ഇതിൽ തന്നെ എൻജിനിയറിംഗ് കോളജ് ഹോസ്റ്റലുകളിലെ സ്ഥിതി ആശങ്കാജനകമാണ്.
സംസ്ഥാനത്ത് എൻജിനിയറിംഗ് കോളജുകളിൽ ഇന്റേണൽ പരീക്ഷകൾ നടക്കുകയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ എൻജിനിയറിംഗ് കോളജുകളുടെ ഉൾപ്പെടെ ഹോസ്റ്റലുകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടാവും.
തിരുവനന്തപുരം പൂജപ്പുരയിലെ എൽബിഎസ് വനിതാ എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റലിൽ ഇന്നലെ വൈകുന്നേരംവരെ ഉപയോഗിക്കാനുള്ള പാചകവാതകമാണ് സ്റ്റോക്കുള്ളത്. ഇന്ന് ഗ്യാസ് ലഭിച്ചില്ലെങ്കിൽ 600 റോളം വരുന്ന ഹോസ്റ്റൽ വിദ്യാർഥികൾ പട്ടിണിയിലാവും.
ഇത്തരമൊരു സാഹചര്യമുണ്ടായാൽ കോളജ് അടച്ചിടുകയല്ലാതെ മറ്റൊരു മാർഗവുമില്ല. നിലവിൽ പൂജപ്പുര കോളജിലെ കാന്റീനിൽ ഉച്ചഭക്ഷണം നിർത്തലാക്കിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. ഹോസ്റ്റൽ വിദ്യാർഥികൾക്ക് തിളപ്പിച്ചാറിച്ച വെള്ളമായിരുന്നു നല്കി വന്നിരുന്നത്. പാചകവാതക ക്ഷാമം മൂലം ഇപ്പോൾ ഫിൽറ്റർ ചെയ്തു കുടിവെള്ളം നല്കുന്ന സ്ഥിതിയിലേക്കു മാറി.
സംസ്ഥാനത്തെ കൂടുതൽ വിദ്യാർഥികൾ ഹോസ്റ്റലിൽ കഴിയുന്ന കോളജുകളിലെ എല്ലാം ഹോസ്റ്റലുകളിലെ സ്ഥിതി ഇതാണ്. കാസർഗോഡ് എൽബിഎസ് കോളജിലും തിരുവനന്തപുരം ബാർട്ടണ്‍ ഹിൽസ് എൻജിനിയറിംഗ് കോളജ് ഹോസ്റ്റലിലുമെല്ലാം രൂക്ഷമായ എൽപിജി ക്ഷാമമാണ് നേരിടുന്നത്. റസിഡൻഷൽ സ്കൂളുകളുടെ ഹോസ്റ്റലുകളിലും സമാനമായ സ്ഥിതിയാണ്. സ്കൂളുകളിലും ഇപ്പോൾ പരീക്ഷാ സമയമായതിനാൽ സ്കൂൾ അധികൃതരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
പാചകവാതക പ്രതിസന്ധി ഐടി മേഖലയെയും ബാധിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഐടി കന്പനികളിലെല്ലാം രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഫഷണലുകളാണ് ജോലി ചെയ്യുന്നത്. ഇതിൽതന്നെ പലരും നഗരത്തിലെ ഹോസ്റ്റലുകളിൽ ഉൾപ്പെടെ താമസിക്കുന്നവരാണ്. ഹോസ്റ്റലുകളിൽ പലതിലും എൽപിജി ക്ഷാമം രൂക്ഷമായി.
തിരുവനന്തപുരം ടെക്നോപാർക്കിലെ കാന്റീനുകളിൽ ഉൾപ്പെടെ പാചകവാതക പ്രതിസന്ധി ആരംഭിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ടെക്നോപാർക്കിലെ പല കന്പനികളും വർക്ക് ഫ്രം ഹോമിലേക്ക് മാറുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നു ടെക്നോപാർക്കിലെ പ്രധാന ഐടി കന്പനിയുടെ പ്രതിനിധി പറഞ്ഞു.
Leader Page
‘എരിതീയില്‍ എണ്ണയൊഴിക്കുക’ എന്നൊരു പഴഞ്ചൊല്ലുണ്ട്. ആഗോള എണ്ണ, വാതക വിപണിയെ ആളിക്കത്തിക്കുന്നതാണ് പശ്ചിമേഷ്യയിലെ യുദ്ധം. എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ, കണ്ണുണ്ടായാല്‍ പോരാ കാണണം, കണ്ടറിയാത്തവന്‍ കൊണ്ടറിയും, കൈയൂക്കുള്ളവന് കാര്യസ്ഥന്, കത്തുന്ന പുരയില്‍നിന്നു കഴുക്കോല് ഊരുക തുടങ്ങിയ പഴഞ്ചൊല്ലുകളും മലയാളിക്കു സുപരിചിതമാണ്. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ തുടങ്ങിയ ആഗോള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ പഴമൊഴികള്ക്കെല്ലാം സാംഗത്യമുണ്ട്.
ഇന്ത്യയില്‍ സാധാരണക്കാരെ-വരെ ബാധിക്കുന്ന പാചകവാതക ക്ഷാമവും ലക്ഷക്കണക്കിനു മലയാളികളുടെ ജീവശ്വാസമായ ഗള്‍ഫ് രാജ്യങ്ങളിലെ ആക്രമണങ്ങളും പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളാണ്. കണ്ണൂരിലും കോട്ടയത്തും കൊല്ലത്തും അടക്കം കേരളത്തിലെ സാധാരണക്കാരന്റെ അടുക്കളയിലേക്കും തട്ടുകടകളിലേക്കും വരെ യുദ്ധത്തിന്റെ തീ പടരുകയാണ്. യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ലോകമെങ്ങും പ്രശ്നങ്ങളും പ്രതിസന്ധികളും ആശങ്കകളും കൂടുന്നതല്ലാതെ കുറയുന്നില്ല. ഉടനൊരു പരിഹാരം ദൃശ്യവുമല്ല.
► കുരുക്കു മുറുകുന്നു
പശ്ചിമേഷ്യയിലെയും ഗള്‍ഫിലെയും സംഘര്‍ഷം മൂലം ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ പലതാണ്. പെട്രോള്‍, പാചകവാതകം തുടങ്ങിയ ഊര്‍ജ പ്രതിസന്ധി; വിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച, ഓഹരിവിപണികളിലെ ചാഞ്ചാട്ടം തുടങ്ങിയ സാമ്പത്തിക മേഖലയിലെ തകര്‍ച്ച; വ്യാപാര, ലോജിസ്റ്റിക് തടസങ്ങള്‍; പ്രവാസി സുരക്ഷയും ഇന്ത്യയിലേക്കുള്ള പണമയയ്ക്കലും നേരിടുന്ന വെല്ലുവിളികള്‍ എന്നിവ തുടങ്ങി രാജ്യം നേരിടുന്ന തന്ത്രപരവും നയതന്ത്രപരവുമായ വെല്ലുവിളികള്‍ വരെ പലതിലും കുരുക്കു മുറുകുകയാണ്.
ഇന്ത്യയുടെ നാലു ബില്യണ്‍ ഡോളര്‍ കയറ്റുമതി അപകടത്തിലാണ്.4,00,000 ടണ്‍ ബസുമതി അരി കുടുങ്ങിക്കിടക്കുന്നു. തേയില, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയും തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നു. ഷിപ്പിംഗ് ലൈനുകള്‍ യുദ്ധസാധ്യതാ സര്‍ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയ്ക്കു ചുറ്റുമുള്ള കപ്പലുകള്‍ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി തിരിച്ചുവിടുന്നതു ഗതാഗത സമയവും ചരക്കുനിരക്കും കൂട്ടും. ഫാര്‍മസ്യൂട്ടിക്കല്‍സിനും മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കും വില കൂടും. രാസവളങ്ങളുടെ ക്ഷാമവും പ്രതിസന്ധിയാകും. ആഗോള യൂറിയയുടെ മൂന്നിലൊന്ന് ഗള്ഫിലൂടെയാണു കടന്നുപോകുന്നത്.
► പ്രവാസികള്‍ ആശങ്കയില്‍
മലയാളികള്‍ അടക്കം ഗള്‍ഫ് മേഖലയിലുള്ള 90 ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയും ഭാവിയും ആശങ്കയിലും അപകടത്തിലുമാണ്. നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായും രണ്ടു ഡസനിലധികം ഇന്ത്യക്കാര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രവാസികള്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിന്റെ 38 ശതമാനം ഗള്‍ഫില്‍നിന്നാണ്. യുദ്ധം നീണ്ടാല്‍ പ്രവാസികളുടെ തൊഴില്‍നഷ്ടവും ഇന്ത്യയിലേക്കുള്ള പണത്തിന്റെ വരവില്‍ കുത്തനെ ഇടിവുമുണ്ടാകും.
കേരളത്തിലുള്‍പ്പെടെ ദശലക്ഷക്കണക്കിനു കുടുംബങ്ങളുടെ ഉപജീവനത്തെ ബാധിക്കും. രൂപയുടെ മൂല്യത്തകര്‍ച്ച സര്‍വകാല റിക്കാര്‍ഡിലാണ്. ഡോളറിന് 92.33 രൂപയിലേക്കാണു തകര്‍ന്നത്. ഓഹരിവിപണികളിലും തകര്‍ച്ച തുടങ്ങി. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പോലുള്ള പദ്ധതികളും ഇറാനിലെ ഇന്ത്യയുടെ ചബഹാര്‍ തുറമുഖത്തിലെ പ്രവര്‍ത്തനങ്ങളും നിലച്ചേക്കും.
► കാലിയാകുന്ന സിലിണ്ടറുകള്‍
പാചകവാതക ക്ഷാമം സാധാരണക്കാരുടെ ജീവിതത്തെയാകെ പ്രതിസന്ധിയിലാക്കുകയാണ്. ആശങ്ക വേണ്ടെന്നും ഭീതി പരത്തരുതെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നതു ശരി. ഇതു പറയുമ്പോള്‍ത്തന്നെ, നിയന്ത്രണങ്ങളും ലഭ്യതക്കുറവും വിലകൂട്ടലും കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിനും കഴിയില്ല. കേരളത്തില്‍ 40 ശതമാനത്തിലേറെ ഹോട്ടലുകള്‍ പൂട്ടുകയോ, ഇന്നോ നാളെയോ പൂട്ടുന്ന സ്ഥിതിയിലാവുകയോ ചെയ്തെന്ന് ഹോട്ടലുടമകള്‍ പറയുന്നു. എറണാകുളത്തും കോഴിക്കോട്ടും പ്രശ്നം രൂക്ഷമാണ്. മറ്റിടങ്ങളിലും എല്‍പിജി സിലിണ്ടറുകളുടെ ലഭ്യതയില്‍ കുറവുണ്ട്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കോല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലും വാണിജ്യ സിലിണ്ടറുകള്‍ ആവശ്യത്തിനു കിട്ടാതായി. ഒരാഴ്ചയ്ക്കകം രാജ്യത്തെ 60 ശതമാനം ഹോട്ടലുകള്‍ അടയ്ക്കേണ്ടിവരുമെന്നാണു റിപ്പോര്‍ട്ട്.
കേരളത്തിലെ ഒരു കോടിയോളം വരുന്ന ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കളും ആശങ്കയിലാണ്. പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗ് 45 ദിവസത്തില്‍ ഒരിക്കല്‍ ആക്കിയതോടെ വീട്ടമ്മമാരുടെ ഉള്ളിലാണു തീ. നേരത്തെ 25 ദിവസമായിരുന്നു പരിധി. ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, സ്കൂളുകള്‍, ജനകീയ അടുക്കളകള്‍, കാന്റീനുകള്‍, ഫാക്ടറികള്‍, ഐടി പാര്‍ക്ക് പോലുള്ള കേന്ദ്രങ്ങള്‍ എന്നിവ മുതല്‍ ശ്മശാനങ്ങള്‍ വരെ പാചക, പ്രകൃതി വാതകം കിട്ടിയില്ലെങ്കില്‍ പ്രതിസന്ധിയിലാകും.
► കരിഞ്ചന്ത, പൂഴ്ത്തിവയ്പ്
പാചകവാതക വിതരണം ഇന്ത്യയിലാകെ സ്തംഭനത്തിലേക്കു നീങ്ങുകയാണ്. കരിഞ്ചന്തയും പൂഴ്ത്തിവയ്പും വ്യാപകമാകും. വന്‍നഗരങ്ങളില്‍ വാണിജ്യ സിലിണ്ടറുകള്‍ 2,000 മുതല്‍ 3,000 രൂപ വരെ വിലയ്ക്കു നിയമവിരുദ്ധമായി വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കാറുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയുടെ സിലിണ്ടറിനും ക്ഷാമമുണ്ട്. എല്‍പിജി, പിഎന്‍ജി, ഡീസല്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനു ചെറുകിട വ്യവസായ യൂണിറ്റുകളും പ്രതിസന്ധിയിലേക്കു നീങ്ങി. പൂനയില്‍ മാത്രം അരലക്ഷത്തോളം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നു മഹാരാഷ്ട്രയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ പ്രതിസന്ധിയെ നേരിടാന്‍ രാജ്യത്തെ ആഭ്യന്തര എല്‍പിജി ഉത്പാദനം 28 ശതമാനം കൂട്ടിയെന്നും ആശങ്ക വേണ്ടെന്നുമാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയത്. ദരിദ്ര, പിന്നാക്ക വിഭാഗങ്ങളുടെ 33 കോടി വീടുകളിലെ അടുക്കളയില്‍ പാചകവാതക ക്ഷാമം നേരിടേണ്ടി വരില്ലെന്നാണു കേന്ദ്രത്തിന്റെ മറ്റൊരു ഉറപ്പ്. എന്നാല്‍, കോടിക്കണക്കിനു സാധാരണ കുടുംബങ്ങള്‍ക്ക് അത്തരം ഉറപ്പുമില്ല.
► വിലകള്‍ കുതിച്ചുയരും
എല്‍പിജിയുടെ ഏകദേശം 62- 67 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. എല്‍പിജിയുടെയും (ദ്രവീകൃത പെട്രോളിയം വാതകം) അസംസ്കൃത എണ്ണയുടെയും (ക്രൂഡ് ഓയില്‍) 85-90 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണു വരുന്നത്. ചരക്കുകപ്പലുകളുടെ നീക്കം തടസപ്പെട്ടതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിനു മുകളിലേക്കു കയറി. എല്‍എന്‍ജിയുടെ (ദ്രവീകൃത പ്രകൃതിവാതകം) 55 ശതമാനം ഗതാഗതം ഗള്‍ഫ് വഴിയാണ്.
ഇന്ത്യയിലെ ഇന്ധനസംഭരണശേഷി രണ്ടു മാസത്തേക്കുപോലും തികയില്ല. എല്‍പിജി ശേഖരത്തിന് രണ്ടു ദിവസം മാത്രമേ ദേശീയ ഉപഭോഗം നിലനിര്‍ത്താന്‍ കഴിയൂ. എണ്ണവില പത്തു ശതമാനം കൂടിയാല്‍ പണപ്പെരുപ്പം ഒരു ശതമാനം കൂടുമെന്നാണു കണക്ക്. ജിഡിപി വളര്‍ച്ചയില്‍ 20-25 അടിസ്ഥാന പോയിന്റുകള്‍ (ബിപിഎസ്) കുറയും. ലോജിസ്റ്റിക് ചെലവുകള്‍ കൂടുന്നതോടെ വിമാനക്കൂലി, റോഡ്, റെയില്‍ യാത്രാച്ചെലവുകള്‍ മുതല്‍ വീട്ടുപകരണങ്ങളുടെയും അവശ്യസാധനങ്ങളുടെയും വരെ വില വര്‍ധിക്കും. ഭക്ഷണവിലയും കുതിച്ചുയരും.
► ഭീമാകാരമായ യുദ്ധച്ചെലവ്
ഇറാനെതിരേ തുടങ്ങിയ യുദ്ധത്തിന്റെ ആദ്യ ആറു ദിവസംമാത്രം 11.3 ബില്യണ്‍ ഡോളര്‍ (ഒരു ലക്ഷം കോടിയിലേറെ രൂപ) അമേരിക്കയ്ക്കു ചെലവായെന്നാണ് പെന്റഗണ്‍ വെളിപ്പെടുത്തിയത്. ചുരുങ്ങിയത് 50 ബില്യണ്‍ ഡോളറെങ്കിലും ഇനിയും ചെലവു പ്രതീക്ഷിക്കുന്നു. യുദ്ധ ഒരുക്കങ്ങള്‍ക്കായുള്ള ചെലവുകള്‍ കൂട്ടാതെയാണിത്. ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ മാത്രം 5.6 ബില്യണ്‍ ഡോളറിന്റെ മിസൈലുകളും റോക്കറ്റുകളും വെടിക്കോപ്പുകളും ചെലവഴിച്ചുവെന്ന് അമേരിക്കന്‍ നിയമനിര്‍മാതാക്കളുമായി നടത്തിയ ബ്രീഫിംഗില്‍ പ്രതിരോധ വിദഗ്ധര്‍ വിശദീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും പറയുന്നു.
അനേക വര്ഷങ്ങള്ക്കായി ശേഖരിച്ച പ്രധാന യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചുകഴിഞ്ഞുവെന്നു ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ചെലവുകളേക്കാളേറെ മാരകമാകും അമേരിക്കയും ഇസ്രയേലും ഇറാനും ഗള്‍ഫ് രാജ്യങ്ങളും റഷ്യയും ചൈനയും ഇന്ത്യയും പാക്കിസ്ഥാനും അടക്കമുള്ളവര്‍ നേരിടുന്ന മറ്റു തിരിച്ചടികള്‍. യുക്രെയ്നില്‍ യുദ്ധം തുടങ്ങിയ റഷ്യക്കു നാലു വര്‍ഷം കഴിയുമ്പോഴും കാര്യമായൊന്നും നേടാനായില്ല. പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ഇറാന് നശിക്കുമ്പോഴും അമേരിക്കയും ഇസ്രയേലും ഗള്‍ഫ് രാജ്യങ്ങളും തിരിച്ചടികളും നഷ്ടങ്ങളും നേരിടുകയാണ്. ഇറാന് യുദ്ധത്തിന്റെ പരോക്ഷ നേട്ടം റഷ്യക്കാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നതിലെ വിലക്കു അമേരിക്കയ്ക്ക് മാറ്റേണ്ടിവന്നു.
► അരുത്, കൊടുംപാതകം!
പിഞ്ചുകുഞ്ഞുങ്ങളും വിദ്യാര്‍ഥികളും സ്ത്രീകളും അടക്കം നിരപരാധികളെ കൂട്ടക്കൊല ചെയ്യുമ്പോഴും മതവും വര്‍ഗീയതയും പഴയ ചരിത്രവും നിരത്തി ന്യായീകരണത്തിനു ശ്രമിക്കുന്നവരില്‍ മലയാളികള്‍ ഉണ്ടെന്നതാണു കഷ്ടം. ഭീകരതയും യുദ്ധങ്ങളും ആരു ചെയ്താലും എതിര്‍ക്കപ്പെടണം. പഴയ കാര്യം പറഞ്ഞു പുതിയ തെറ്റിനെ വെള്ളപൂശാനുള്ള ശ്രമം കൂടുതല്‍ ആപത്താണ്.
ന്യായീകരണങ്ങള്‍ എന്തായാലും യുദ്ധം മാനവികതയ്ക്കെതിരാണ്. ആയിരക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കുന്ന, ഒരു പ്രശ്നത്തിനും ശാശ്വത പരിഹാരം ഉണ്ടാകാത്ത, ആരും ജയിക്കാത്ത, ആഗോള സമാധാനവും സുരക്ഷയും തകര്‍ക്കുന്ന യുദ്ധങ്ങള്‍ മനുഷ്യകുലത്തോടു ചെയ്യുന്ന പാതകമാണ്. പുതുതലമുറയ്ക്കായി സമാധാനവും സുരക്ഷയും ഉറപ്പാക്കാനായി കൈകോര്‍ക്കാം.
Kerala
തിരുവനന്തപുരം: രാജ്യത്ത് എൽപിജി ക്ഷാമത്തിനിടെ തിരുവനന്തപുരം ചാലയിൽ ഗ്യാസ് മോഷണം. ആര്യശാലയിലെ വിഎസ് ഹോട്ടലിൽ ഇന്ന് പുലർച്ചെ ആയിരുന്നു കവർച്ച.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പോർട്ട് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. വെള്ള നിറത്തിലുള്ള ചാക്കുമായി എത്തിയ മോഷ്ടാവ് ഹോട്ടലിലെത്തി ആദ്യം ഫ്യൂസ് ഊരി.
ശേഷം ചാക്കുകൊണ്ട് തലമറച്ച് കയ്യിലുണ്ടായിരുന്ന ടോർച്ചുമായി ഹോട്ടലിനകമെല്ലാം പരിശോധിച്ചു. പിന്നാലെ അടുക്കളയിൽ കയറി ഗ്യാസ് കുറ്റി എടുത്ത് കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്.
പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലടക്കം എൽപിജി ക്ഷാമം രൂക്ഷമായിരിക്കയാണ്. ഇതിനിടെയാണ് മോഷണം. എൽപിജി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും ഹോട്ടലുകൾ അടച്ചു പൂട്ടുകയും മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ കൃത്യമായി എത്തിക്കുമെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എൽപിജിയുടെ കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍പിജി ക്ഷാമം രൂക്ഷം. വാണിജ്യ സിലണ്ടറുകള്ക്കു മാത്രമല്ല, ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്.
തിരുവനന്തപുരത്ത് ഒരാഴ്ച മുന്‍പ് ബുക്ക് ചെയ്ത സിലിണ്ടറുകള്‍ പോലും ഇതുവരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല. ഇനിയും ഒരാഴ്ചകൂടി കാത്തിരിക്കാനാണ് ഗ്യാസ് ഏജന്‍സിയില്‍നിന്നു ലഭിക്കുന്ന മറുപടി. നിലവില്‍ പല ഏജന്‍സികളും ബുക്കിംഗ് സ്വീകരിക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്. എല്‍പിജി ക്ഷാമം കടുത്തതോടെ പല ഗ്യാസ് ഏജന്‍സികളിലും ബുക്കിംഗിനായി നല്‍കിയിരുന്ന ഫോണ്‍ നമ്പരുകൾ പ്രവര്‍ത്തന രഹിതമായി.
തിരുവനന്തപുരം നഗരത്തില്‍ വാണിജ്യ-ഗാര്‍ഹിക എല്‍പിജി ക്ഷാമം രൂക്ഷമായി തുടരുകയാണ്. ജില്ലയില്‍ പല ഹോട്ടലുകളും അടച്ചുകഴിഞ്ഞു. റസ്റ്റോറന്റുകളുടെ പുറത്ത് ‘ഗ്യാസ് ഇല്ലാത്തതിനാല്‍ താത്കാലികമായി അടച്ചിരിക്കുകയാണെ'ന്ന നോട്ടീസുകളും പതിച്ചിട്ടുണ്ട്. പല ഹോട്ടലുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഊണ് തയാറാക്കുന്നതിന് കൂടുതല്‍ ഇന്ധനം വേണമെന്നതിനാല്‍ ചില റസ്റ്ററന്റുകള്‍ ഊണ് കൊടുക്കുന്നില്ല.
ഒറ്റപ്പാത്രത്തില്‍ തയാറാക്കാവുന്ന ബിരിയാണി പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനാണ് കടയുടമകള്‍ ശ്രമിക്കുന്നത്. പലയിടത്തും ലൈവ് കൗണ്ടറുകളും പ്രവര്‍ത്തനം നിര്‍ത്തി. ബേക്കറികളും പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. രാത്രികാല തട്ടുകടകളും വരുംദിവസങ്ങളില്‍ പ്രതിസന്ധിയിലായേക്കും.
► വിറകുശേഖരണം തുടങ്ങി ◄
നഗരങ്ങളില്‍ പോലും ചെറുകിട ഹോട്ടലുകള്‍ ലോഡ് കണക്കിനു വിറകുശേഖരിക്കുന്നതും കാണാം. ഇതുവരെ വിറകടുപ്പില്‍ പാചകം ചെയ്യാതിരിക്കുന്ന ഹോട്ടലുകള്‍ പോലും ലോഡ് കണക്കിനു വിറകു ശേഖരിക്കുന്നുണ്ട്. മിക്ക ഹോട്ടലുകളിലും സ്റ്റോക്ക് ഉണ്ടായിരുന്ന സിലിണ്ടറുകള്‍ കാലിയായിട്ട് ദിവസങ്ങളായി. പുതിയ സിലിണ്ടര്‍ ലഭിക്കുന്നില്ലെന്നു മാത്രമല്ല, എന്നു കിട്ടുമെന്ന് അറിയാത്ത സാഹചര്യവുമുണ്ട്. സിലിണ്ടര്‍ വിതരണം നിര്‍ത്തി വച്ചിരിക്കുകയാണെന്നും അത്യാവശ്യത്തിനു മാത്രമായി നല്‍കുമെന്നുമാണ് ഏജന്‍സികളില്‍നിന്നു ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടല്‍, റസ്റ്ററന്റ്, കേറ്ററിംഗ് മേഖലകളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തകിടം മറിഞ്ഞു. സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ സ്ഥാപനങ്ങളിലായി ലക്ഷക്കണക്കിനു തൊഴിലാളികളുടെ ജോലി നഷ്ടമാകുന്നതും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും. പഴം, പച്ചക്കറി, പലചരക്ക്, ഇറച്ചി, മത്സ്യം തുടങ്ങിയ വ്യാപാരമേഖലകളെ ഇത് നേരിട്ടു ബാധിക്കുന്നു. ഫുഡ് ഡെലിവറി വഴി ഉപജീവനം നടത്തുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതവും പ്രതിസന്ധിയിലാകും.
► ടൂറിസം മേഖലയിലും തിരിച്ചടി ◄
വാണിജ്യമേഖലാ സ്തംഭിക്കുന്നതിനൊപ്പം ടൂറിസം മേഖലയിലും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ ഒട്ടേറെ വിദേശ വിനോദസഞ്ചാരികളാണ് സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ തങ്ങുന്നത്.
വിവാഹങ്ങള്‍ പോലുള്ള ചടുങ്ങുകള്‍ക്ക് ഹാളുകളും ഹോട്ടലുകളും ബുക്ക് ചെയ്തവരും ആശങ്കയിലാണ്. മിക്ക കേറ്ററിംഗ് യൂണിറ്റുകളും ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നവരാണ്. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ഈ മേഖലയില്‍ വലിയ പ്രതിസന്ധിയാണുണ്ടാകുക.
ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്ക്വാഡുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സിലിണ്ടറുകള്‍ അധികമായി സ്റ്റോക്ക് ചെയ്തു സൂക്ഷിക്കുന്നുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.
അതേസമയം ആശുപത്രി കാന്റീനുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് സിലിണ്ടറുകള്‍ കൃത്യമായി വിതരണം ചെയ്യുമെന്നാണ് ഗ്യാസ് ഏജന്‍സികളില്‍നിന്നും ലഭിക്കുന്ന വിവരം.
National
മുംബൈ: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ അടുക്കളകളെ ഗുരുതരമായി ബാധിച്ചുതുടങ്ങി. വാണിജ്യ സിലിണ്ടറുകൾക്കുപിന്നാലെ ഗാർഹിക സിലിണ്ടറുകളും ലഭിക്കാതായതോടെ ജനം പരിഭ്രാന്തരാണ്.
എണ്ണക്കന്പനികൾ ബുക്കിംഗ് സ്വീകരിക്കാതായതോടെ രാജ്യത്തു പലയിടത്തും എൽപിജി കേന്ദ്രങ്ങൾക്കുമുന്നിൽ രണ്ടു ദിവസമായി നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നുണ്ട്. സിലിണ്ടർക്ഷാമം രൂക്ഷമായതോടെ രാജ്യത്തുടനീളം ഹോട്ടലുകളുടെയും ചെറുകിട ഭക്ഷണശാലകളുടെയും പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്.
രണ്ടുദിവസത്തിനുള്ളില്‍ ഭക്ഷണശാലകള്‍ പൂർണമായും അടച്ചിടേണ്ട അവസ്ഥയിലെത്തുമെന്ന് നാഷണല്‍ റസ്റ്ററന്റ് അസോസിയേഷന് ഓഫ് ഇന്ത്യ (എന്‍ആര്‍എഐ), ഇന്ത്യന്‍ ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് (എച്ച്എആര്) തുടങ്ങിയ സംഘടനകള്‍ പറയുന്നു.
പ്രതിവർഷം 6.6 ലക്ഷം കോടി രൂപയുടെ ഇടപാടാണു ഹോട്ടൽ, റസ്റ്ററന്റ് മേഖലയുടേത്. ഒരൊറ്റദിവസം അടഞ്ഞുകിടന്നാൽ ഏകദേശം 1,200 കോടി രൂപ മുതല്‍ 1,300 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടാകുക -അവർ വ്യക്തമാക്കി.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം 20 ശതമാനത്തോളം ഭക്ഷണശാലകൾ അടച്ചുകഴിഞ്ഞു. ചിലയിടങ്ങളിൽ വിഭവങ്ങൾ പരിമിതപ്പെടുത്തി. രണ്ടു മൂന്നു ദിവസത്തേക്കുള്ള ഇന്ധനം അവശേഷിക്കുന്നതിനാൽ രണ്ടുദിവസംകൂടി മുന്നോട്ടു നീങ്ങാമെന്ന് വൻകിട ഭക്ഷണശാലകൾ പറയുന്നു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചെറിയ ഭക്ഷണശാലകൾ പലതും അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹി ഹൈക്കോടതി കാന്റീനിൽ പ്രധാന വിഭവങ്ങളായ ബിരിയാണി, ദാല്‍ മഖാനി, ഷാഹീ പനീര്‍ പോലുള്ളവ ഉണ്ടാക്കുന്നത് നിർത്തി. ഇന്ധനക്ഷാമമാണു കാരണമെന്ന നോട്ടീസും കാന്റീനിൽ പ്രദർശിപ്പിച്ചുണ്ട്. മുംബൈയിലും പരിസരങ്ങളിലുമുള്ള 20 ശതമാനത്തോളം റസ്റ്ററന്റുകൾ അടച്ചുകഴിഞ്ഞു.
ഐടി നഗരമായ ബംഗളൂരുവിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. ചെറിയ റസ്റ്ററന്റുകളില്‍ ചായയും കാപ്പിയും മാത്രമാണു ലഭിക്കുന്നത്. ഗെയില്‍ പൈപ്പ് ലൈനില്‍നിന്നുള്ള ഇന്ധനം ഉപയോഗിക്കുന്ന 15 ശതമാനത്തോളം ഭക്ഷണശാലകളില്‍ ഇതുവരെ പ്രതിസന്ധിയില്ല.
തമിഴ്നാട്ടില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി 20 മുതല്‍ 25 ദിവസത്തേക്കുവരെ ലഭ്യമാണെങ്കിലും വ്യാവസായിക സിലിണ്ടറുകളുടെ കാര്യത്തിൽ കടുത്ത ക്ഷാമമാണ്. പശ്ചിമബംഗാൾ, പഞ്ചാബ്, ചണിഗഡ്, ഒഡീഷ, മധ്യപ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലും ഭക്ഷണശാലകളുടെ പ്രവർത്തനം നിലച്ചുതുടങ്ങി.
സംസ്ഥാനത്തും പാചകവാതക ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. വാണിജ്യസിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടലുകൾ പ്രതിസന്ധിയിലാണ്. പലയിടത്തും ഹോട്ടലുകൾ പൂട്ടിത്തുടങ്ങി. ചില ഹോട്ടലുകൾ മെനു വെട്ടിക്കുറച്ചാണ് മുന്നോട്ടുപോകുന്നത്. പലയിടത്തും തട്ടുകടകളും പൂട്ടി. പത്തു സിലിണ്ടറുകള്‍ വരെ പ്രതിദിനം ഉപയോഗിക്കുന്ന വൻകിട ഹോട്ടലുകള്‍ക്ക് ഇന്നലെ രണ്ടെണ്ണം മാത്രമാണു ലഭിച്ചത്.
പാചകവാതകവിതരണം തടസപ്പെടുമെന്ന ആശങ്കയിൽ ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇരട്ടിയായെന്ന് ഏജൻസികൾ അറിയിച്ചു. 80 സിലിണ്ടറുകൾവരെ നൽകിയിരുന്ന വിതരണക്കാർക്ക് ഇപ്പോൾ 20 സിലിണ്ടറുകൾമാത്രമാണ് കൊടുക്കാനാകുന്നത്. വീടുകളിലേക്കുള്ള പാചകവാതക ലോഡുകൾ മാത്രമാണ് ഇപ്പോഴെത്തുന്നത്.
Kerala
തൊടുപുഴ: സംസ്ഥാനത്ത് പാചകവാതകത്തിന് ക്ഷാമം നേരിട്ടുതുടങ്ങിയതോടെ ബദല്‍മാര്‍ഗങ്ങള്‍ തേടുകയാണ് ജനങ്ങള്‍.
വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കറിന് ആവശ്യക്കാര്‍ വര്‍ധിച്ചു. ഇന്നലെ തൊടുപുഴ ടൗണില്‍ മാത്രം 100 ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ഓര്‍ഡറാണ് ഡീലര്‍മാര്‍ക്ക് ലഭിച്ചത്.
പലവീടുകളിലും പാചകം ഇന്‍ഡക്ഷന്‍ കുക്കറിലേക്കു മാറ്റികഴിഞ്ഞു. അതേസമയം വ്യാപാരസ്ഥാപനങ്ങളില്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ വില്പനയില് കാര്യമായ വര്‍ധനവില്ലെന്നും ഓഫ് സീസണായതിനാല്‍ വില്പന വര്‍ധിപ്പിക്കാന്‍ കമ്പനികളുടെ വില്പന വിഭാഗം തന്ത്രം മെനയുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നിലവിലുള്ള സ്റ്റോക്ക് തീര്‍ന്നാല്‍ ഉത്പാദനത്തിന് കാലതാമസമുണ്ടാകുമെന്നും അതിനാല്‍ ആവശ്യത്തിനുള്ളത് നേരത്തേ എടുത്ത് സൂക്ഷിക്കണമെന്നും നിര്‍ദേശിച്ച് ഡീലര്‍മാര്‍ക്ക് കമ്പനികള്‍ സന്ദേശം നല്‍കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പല വ്യാപാരസ്ഥാപനങ്ങളും ഐറ്റം കൂടുതലായി സ്റ്റോക്ക് ചെയ്യാന്‍ താത്പര്യം കാണിച്ചതാണ് ഡിമാൻഡ് വര്‍ധിക്കാന്‍ കാരണമെന്നും പറയപ്പെടുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രണ്ടാം ആഴ്ചയിലും തുടരുന്നതിനിടെ രാജ്യത്തു പാചകവാതക ക്ഷാമം രൂക്ഷമാകുന്നു. പലയിടത്തും ഹോട്ടലുകൾ അടച്ചുപൂട്ടിത്തുടങ്ങി. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചില മുൻഗണനാ മേഖലകൾക്കു പാചകവാതകം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിട്ടുണ്ട്.
ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ ഉത്പാദനം വർധിപ്പിക്കാനും ഗാർഹിക പാചകവാതകത്തിന്റെ വിതരണം ഉറപ്പാക്കാനുമായി സർക്കാർ അവശ്യവസ്തുനിയമം നടപ്പിലാക്കി. പശ്ചിമേഷ്യൻ സംഘർഷം ഊർജരംഗത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുന്ന അവസരത്തിൽ ചില പ്രത്യേക മേഖലകളിലേക്ക് ഇന്ധനം വഴിതിരിച്ചുവിടുന്നുണ്ടെന്ന് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തിൽ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
വീടുകളിലേക്ക് പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ഡൊമസ്റ്റിക് പൈപ്പ്ഡ് നാച്വറൽ ഗ്യാസ് (പിഎൻജി), വാഹന ഇന്ധനത്തിനായുള്ള കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി), എൽപിജി എന്നിവയുടെ ഉത്പാദനത്തിനോടൊപ്പം വളം നിർമാണം, തേയില വ്യവസായങ്ങൾ മറ്റു വ്യാവസായിക ഗുണഭോക്താക്കൾ എന്നിവയെയാണു മുൻഗണനാ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ മേഖലയുടെയും പ്രാധാന്യമനുസരിച്ച് തട്ടുതട്ടായാണ് മുൻഗണന. ഇതനുസരിച്ച് ഡൊമസ്റ്റിക് പൈപ്പ്ഡ് നാച്വറൽ ഗ്യാസ്, വാഹന ഇന്ധനത്തിനായുള്ള സിഎൻജി, എൽപിജി ഉത്പാദനം തുടങ്ങിയവയ്ക്ക് ഇന്ധന വിതരണത്തിൽ ഏറ്റവും മുൻഗണന ലഭിക്കുന്പോൾ വളം നിർമാണ പ്ലാന്റ് ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് കുറഞ്ഞ പ്രാധാന്യമാണ്. വ്യവസായങ്ങൾക്കും വ്യവസായ ഗുണഭോക്താക്കൾക്കും ആവശ്യമായ ഇന്ധനമെത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും എണ്ണവിതരണ കന്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര ഗുണഭോക്താക്കൾക്ക് ആവശ്യമായ എൽപിജി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിഞ്ഞദിവസവും കേന്ദ്രം തങ്ങളുടെ അടിയന്തര അധികാരം പ്രയോഗിച്ചുള്ള അവശ്യവസ്തു നിയമം നടപ്പിലാക്കിയിരുന്നു.
അതിനിടെ, രാജ്യമെന്പാടും എൽപിജി ക്ഷാമം റിപ്പോർട്ട് ചെയ്യുന്നതിനിടെ ആശങ്ക ലഘൂകരിക്കാൻ കേന്ദ്രം മൂന്നംഗ സമിതിയെ രൂപീകരിച്ചു. സർക്കാർ സ്രോതസുകൾ നൽകുന്ന സൂചനയനുസരിച്ച് ഇന്ധന വിതരണത്തിലെ തടസത്തിന്റെ വ്യാപ്തി വിലയിരുത്തുക, ഹോട്ടൽ-റസ്റ്ററന്റ് വ്യവസായ അസോസിയേഷനുകളുമായി കൂടിയാലോചന നടത്തുക, സത്യസന്ധമായ വാണിജ്യ ആവശ്യങ്ങൾക്ക് ഇന്ധനം ഉറപ്പാക്കുക എന്നിവ സമിതിയുടെ ചുമതലകളാണ്.
എൽപിജി വിതരണം താഴേത്തട്ടിൽ പ്രതിസന്ധി നേരിടുകയാണെന്നും സർക്കാർ ഇടപെടൽ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്എച്ച്ആർഐ) കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.
മൂന്നംഗ സമിതിയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെയും എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ് അംഗങ്ങളായുള്ളത്. അതേസമയം, എൽപിജി വിതരണത്തിലെ തടസങ്ങളിൽ ആശങ്ക ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്.
Kerala
കൊല്ലം: കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി - ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിൽ ആണ് പൊട്ടിത്തെറിയുണ്ടായത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തുകയും തീ അണക്കുകയും ആയിരുന്നു. ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം.
ഫ്രിഡ്ജ് ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.
Kerala
കൊച്ചി: അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം പ്രതിസന്ധി നേരിടുന്ന ഹോട്ടല്‍ മേഖലയ്ക്കു പാചകവാതക വിലവര്‍ധന ഇരട്ടി ബാധ്യത വരുത്തിവച്ചെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആർഎ).
പുതുവര്‍ഷത്തില്‍ വാണിജ്യ സിലിണ്ടറിന് 111 രൂപയാണു വര്‍ധിപ്പിച്ചത്. വിമാന ഇന്ധനത്തിനു വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത് ഇരട്ടത്താപ്പാണെന്നും കെഎച്ച്ആർഎ പ്രസിഡന്റ് ജി. ജയപാലും ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖും അറിയിച്ചു.
National
മൈസൂരു: മൈസൂരു കൊട്ടാരത്തിന് സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി 8.45ഓടെയാണ് സംഭവം.
ബലൂൺ വിൽപ്പനക്കാരനും ബലൂൺ വാങ്ങാനെത്തിയ വ്യക്തിയുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു.
സ്ഫോടനത്തിന് പിന്നാലെ പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്.
District News
പാലോട്: ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.
ഇതോടെ മരണം മൂന്നായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരി പാലോട് പ്ലാവറ കുന്നുംപുറത്ത് വീട്ടില്‍ രാജി (47) ആണ് മരിച്ചത്. മറ്റൊരു ജീവനക്കാരി പാലോട് പ്ലാവറ സ്വദേശിനി സിമി സന്തോഷ് (44) ഇന്നലെ മരിച്ചിരുന്നു. ഗ്യാസ് പൊട്ടിത്തെറിച്ച കടയിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ ദിവസം നവാസ് എന്നയാളും മരിച്ചിരുന്നു. ഈ മാസം 14 നാണ് അപകടം നടന്നത്.
പൊട്ടിത്തെറിയിൽ മൂന്നുപേർക്കായിരുന്നു പരിക്കേറ്റത്. അഴീക്കോടുള്ള ഒറേസാ ഹോട്ടലിൽ രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരായ സിമി, രാജി എന്നിവർക്കൊപ്പം ചായകുടിക്കാനെത്തിയ നവാസിനും അപകടത്തിൽ പരുക്കേൽക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മൂവരും മരണപ്പെടുകയായിരുന്നു.
National
ജോധ്പൂർ: വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് 11 പേർക്ക് പരിക്കേറ്റു. രണ്ടു പേർ ഗുരുതരാവസ്ഥയിലാണ്. ജോധ്പൂരിലെ ബാവ്ഡിക്ക് സമീപമുള്ള ഹർധാനി ഗ്രാമത്തിലാണ് സംഭവം. പരുക്കേറ്റവരെ ജോധ്പൂരിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു. കർഷകനായ വീരം റാമിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. മകൻ മഹേന്ദ്രയുടെയും മകൾ ഗോഗിയുടെയും വിവാഹം നവംബർ 15നും 16നും നടക്കാനിരിക്കുകയായിരുന്നു. വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങൾക്കിടെ രണ്ടു പാചകവാതക ഗ്യാസ് സിലിണ്ടറുകൾ ഒന്നിനുപുറകെ ഒന്നായി പൊട്ടിത്തെറിക്കുകയായിരുന്നു.
ആദ്യ സ്ഫോടനത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതിനെതുടർന്ന് വലിയ ശബ്ദവും പുകയും ഉണ്ടായി. പരിക്കേറ്റ നാലു പേരെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെയാണ് രണ്ടാമത്തെ സിലിണ്ടറും പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷി സുർത്താ റാം പറഞ്ഞു. സിലിണ്ടറിനു സമീപം വെൽഡിങ് ജോലികൾ നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം.